രാഹുല്‍ ഗാന്ധിക്കൊപ്പം ജനകോടികള്‍; ഭയപ്പെടുത്താന്‍ സംഘപരിവാറിന് കഴിയില്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: അപകീര്‍ത്തി കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളിയ വിധിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനകോടികള്‍ രാഹുലിനൊപ്പമുണ്ട്. ഭയപ്പെടുത്താനോ നിശബ്ദനാക്കാനോ സംഘപരിവാറിന് കഴിയില്ലെന്നും പ്രതിപക്ഷ പറഞ്ഞു.

വെറുപ്പിന്റെ രാഷ്ട്രീയത്തിനും ഫാസിസത്തിനും എതിരായ പോരാട്ടം കോണ്‍ഗ്രസ് തുടരും. ഭരണഘടനയിലും നിയമവ്യവസ്ഥയിലും നിയമവാഴ്ചയിലും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. നിയമ പോരാട്ടം തുടരും. സത്യം ജയിക്കും. ജനകോടികള്‍ രാഹുലിനൊപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘപരിവാറിനെ നഖശിഖാന്തം എതിര്‍ക്കുന്നതും മോദി – അമിത് ഷാ- കോര്‍പറേറ്റ് കൂട്ടുകെട്ടിനെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതുമാണ് രാഹുലില്‍ ചിലര്‍ കാണുന്ന അയോഗ്യത. ജനാധിപത്യവാദികളും മതേതരത്വം ജീവവായുവാക്കുന്നവരും രാഹുലില്‍ കാണുന്ന യോഗ്യതയും അതു തന്നെയാണെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

മോദി സമുദായത്തെ അപമാനിച്ചെന്ന കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി ഇന്ന് തള്ളുകയായിരുന്നു. രാഹുലിന്റെ അയോഗ്യത തുടരും. രാഹുല്‍ കുറ്റക്കാരനെന്ന വിധി ഉചിതമാണെന്നും ശിക്ഷാവിധിയില്‍ തെറ്റില്ലെന്നും ഇടപെടേണ്ട സാഹചര്യമില്ലെന്നും ഗുജറാത്ത് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഹേമന്ദ്ര പ്രചകിന്റെ ബഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്. 10 ലേറെ ക്രിമിനല്‍ കേസുകള്‍ രാഹുലിനെതിരെയുണ്ടെന്നും രാഹുല്‍ സ്ഥിരമായി തെറ്റ് ആവര്‍ത്തിക്കുന്നതായി കോടതി നിരീക്ഷിച്ചു.

 

Top