കൊച്ചിയുടെ വിശപ്പടക്കുന്ന ജനകീയ ഹോട്ടല്‍ വ്യാപിപ്പിക്കുന്നു ! പങ്കാളിയാകാന്‍ ക്ഷണിച്ച് മേയര്‍

കൊച്ചി: വിശപ്പ് രഹിത കൊച്ചി എന്ന ലക്ഷ്യം നിറവേറ്റുന്നതിനായി നഗരസഭ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ ജനകീയ ഹോട്ടല്‍, സമൃദ്ധി അറ്റ് കൊച്ചി ഇന്ന് ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. വലിയ സ്വീകാര്യതയാണ് കൊച്ചിയിലെ ജനങ്ങള്‍ നല്‍കി വരുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഹോട്ടലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് കൊച്ചി നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളാണ്.

വിവിധ പദ്ധതികള്‍ സംയോജിപ്പിച്ചും നിലവിലുള്ള സര്‍ക്കാര്‍ സബ്‌സിഡി ഉപയോഗിച്ചുമാണ് നഗരസഭ ഈ ബൃഹത് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ചെലവഴിക്കാതെയാണ് ഈ പദ്ധതി നടപ്പാക്കി വരുന്നത്. 5 ദിവസം കൊണ്ട് 10,350 പേര്‍ക്കാണ് പത്തു രൂപയ്ക്ക് ഉച്ചഭക്ഷണം നല്‍കിയത്.

ഇതു ജനങ്ങളുടെ കൂട്ടായ്മയുടെ പദ്ധതിയാണെന്നും, അതുകൊണ്ട് തന്നെ ഈ പദ്ധതി ദീര്‍ഘനാള്‍ നിലനിര്‍ത്താന്‍ നഗരസഭ പ്രതിജ്ഞാബദ്ധമാണ്. നഗരത്തിന്റെ വിശപ്പടക്കുന്നതോടൊപ്പം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് തൊഴില്‍ നല്‍കി മാന്യമായ വേതനം ഉറപ്പാക്കുന്ന പദ്ധതി കൂടിയാണിത്. ഇത്തരത്തിലുളള പദ്ധതികളെല്ലാം നടപ്പാക്കുമ്പോള്‍ സാധാരണ ഗതിയില്‍ സബ്‌സിഡി ഇനത്തില്‍ വലിയ തുക ചെലവഴിക്കേണ്ടതായി വരുന്നതാണ്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ചും വലുതും ചെറുതുമായ വിവിധ കമ്പനികളുടേയും സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളുടേയും സഹായത്തോടെ ഈ പദ്ധതി എല്ലാവരിലും എത്തിക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ അറിയിച്ചു.

അതിനായി പുതിയൊരു അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എല്ലാ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും ഈ സംരംഭത്തിലേക്ക് സംഭാവന നല്‍കുവാന്‍ കഴിയും. നിരവധി പേരുടെ സഹായ വാഗ്ദാനം ഇതിനോടകം അറിയിച്ചിട്ടുണ്ട്.

ഒരു മാസത്തിനുളളില്‍ ഹോട്ടലില്‍ പരമാവധി സൗകര്യമൊരുക്കി കൂടുതല്‍ പേര്‍ക്ക് വേഗത്തില്‍ ഭക്ഷണം നല്‍കുന്നതിനുളള സജ്ജീകരണങ്ങളും നഗരസഭ ഒരുക്കും. പത്രമാധ്യമ സുഹൃത്തുക്കളും നഗരസഭയ്ക്ക് അകമഴിഞ്ഞ പിന്തുണ ഇക്കാര്യത്തില്‍ നല്‍കി, അതിനുള്ള നന്ദി പ്രത്യേകം അര്‍പ്പിക്കുന്നുവെന്നും മേയര്‍ അറിയിച്ചു.

A/c Details:
Current Account No:- 11530200024910
Name:- Samridhi @ Kochi
Name of Bank:-Federal Bank Ernakulam South
ISFE Code:- FDRL0001153

Top