‘ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത്’; പ്രമോയുമായി ജന ഗണ മന

ക്വീൻ എന്ന ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത പൃഥ്വിരാജ് ചിത്രം ജന ഗണ മനയുടെ പ്രമോ പുറത്തുവിട്ടു. രാജ്യം ഇന്ന് 72-ആമത്തെ റിപ്പബ്ലിക്ക് ദിനാഘോഷം കൊണ്ടാടുന്ന അവസരത്തിലാണ് ജന ഗണ മനയുടെ പ്രമോ പുറത്തു വിട്ടിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിനൊപ്പം ചിത്രത്തിൽ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൂരജ് വെഞ്ഞാറമൂട് ആണ്. പൃഥ്വിരാജും സുരാജും തമ്മിലുള്ള രംഗമാണ് അണിയറപ്രവത്തകർ പുറത്തുവിട്ടിരിക്കുന്നത്.

ഒരു പൊലീസ് സ്റ്റേഷനുള്ളിൽ കുറ്റവാളിയുടെ വേഷത്തിൽ പൃഥ്വിരാജും പൊലീസ് വേഷത്തിൽ സുരാജിനെയുമാണ് കാണിക്കുന്നത്. ഇവർ തമ്മിൽ നടക്കുന്ന സംഘര്‍ഷഭരിതമായ രംഗമാണ് പ്രമോയിൽ. തെളിവുകളെല്ലാം എതിരാണെന്നും രാജ്യദ്രോഹ കുറ്റമാണെന്നും ഒരു തരത്തിലും ഊരിപ്പോരാനാകില്ലെന്നുമാണ് സുരാജ് പൃഥ്വിയോട് പറയുന്നത്.

എന്നാൽ ഊരിപ്പോരുമെന്നും ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ ഇത് എന്നും പൃഥ്വിരാജ് തിരിച്ചടിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Top