ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്‌സി – എഫ്‌സി ഗോവ പോരാട്ടം

പനാജി: ഐഎസ്എല്ലില്‍ ഇന്ന് ജംഷഡ്പൂര്‍ എഫ്‌സി – എഫ്‌സി ഗോവ പോരാട്ടം. ഗോവയില്‍ രാത്രി ഏഴരയ്ക്കാണ് മത്സരം. 11 കളിയില്‍ 19 പോയിന്റുമായി ജംഷഡ്പൂര്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ്. ജംഷഡ്പൂരിന് ഇന്ന് ജയിച്ചാല്‍ 20 പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടക്കാനാകും.

കഴിഞ്ഞ രണ്ട് കളിയും ജയിച്ച് വരുന്ന ജംഷഡ്പൂര്‍ നൈജീരിയന്‍ സ്‌ട്രൈക്കര്‍ ഡാനിയേല്‍ ചിമയെയും പാളയത്തിലെത്തിച്ചതോടെ പ്രഹരശേഷി വര്‍ധിപ്പിച്ചെന്നാണ് വിലയിരുത്തല്‍. സെറ്റ് പീസില്‍ നിന്ന് ഇതുവരെ 11 ഗോള്‍ നേടിയിട്ടുണ്ട്, ജംഷഡ്പൂര്‍. എന്നാല്‍ 17 ദിവസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കളത്തിലെത്തുന്നതിനെ കുറിച്ച് ആശങ്കയുണ്ട് പരിശീലകന്‍ കോയിലിന്. ക്വാറന്റീന്‍ കാലം സുഖരമല്ലെന്നും താരങ്ങളെ പ്രചോദിപ്പിക്കുക എളുപ്പമല്ലെന്നും സ്‌കോട്ടിഷ് കോച്ച് തുറന്നുപറഞ്ഞിരുന്നു.

അതേസമയം കഴിഞ്ഞ മൂന്ന് കളിയില്‍ ജയമില്ലാത്ത ഗോവ പ്ലേ ഓഫ് ബര്‍ത്തിനായുള്ള പോരാട്ടത്തില്‍ ഇനിയും പിന്നിലാകാതിരിക്കാനുള്ള അധ്വാനത്തിലാണ്. സെറ്റ്പീസില്‍ നിന്ന് ഗോള്‍ വഴങ്ങുന്ന പതിവുദൗര്‍ബല്യം ജംഷഡ്പൂരിനെതിരെ അപകടം വരുത്തവയ്ക്കുമെന്ന മുന്നറിപ്പ് നല്‍കിയിട്ടുണ്ട് പരിശീലകന്‍ ഡെറിക് പെരേര. ഇരുടീമകളും ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ജംഷഡ്പൂര്‍ ആണ് ജയിച്ചത്.

Top