മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ജംഷഡ്പൂര്‍ എഫ്.സി

ബംബോലിം: ഐഎസ്എല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ജംഷഡ്പൂര്‍ എഫ് സിയ്‌ക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ജംഷ്ഡ്പൂര്‍ ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തിയത്. ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ട ആദ്യ പകുതിയില്‍ ജംഷഡ്പൂര്‍ ഒരു ഗോളിന് മുന്നിലായിരുന്നു.

ആദ്യ പകുതിയിലും രണ്ടാം പകുതിയിലുമായി ഗ്രെഗ് സ്റ്റുവര്‍ട്ട് നേടിയ രണ്ട് പെനല്‍റ്റി ഗോളുകളും രണ്ടാം പകുതിയില്‍ ഡാനിയേല്‍ ചുക്‌വു നേടിയ ഗോളുമാണ് ജംഷഡ്പൂരിന് ജയമൊരുക്കിയത്.

സീസണിലെ രണ്ടാം തോല്‍വിയോടെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തു നിന്ന് ബ്ലാസ്‌റ്റേഴ്‌സ് നാലാം സ്ഥാനത്തേക്ക് വീണപ്പോള്‍ ജയത്തോടെ ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്തു നിന്ന് രണ്ടാം സ്ഥാനത്തേക്ക് കയറി.

15 മത്സരങ്ങളില്‍ 26 പോയന്റുള്ള ഹൈദരാബാദ് ഒന്നാമതും 14 മത്സരങ്ങളില്‍ 25 പോയന്റുള്ള ജംഷഡ്പൂര്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പം 23 പോയന്റുള്ള ബെംഗലൂരു എഫ്‌സി ഗോള്‍ വ്യത്യാസത്തില്‍ മൂന്നാം സ്ഥാനത്തും എടികെ മോഹന്‍ ബഗാന്‍ നാലാം സ്ഥാനത്തുമെത്തി.

Top