jammukashmir-crpf

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന സി.ആര്‍.പി.എഫ് ജവാന്മാരില്‍ 30 ശതമാനം പേര്‍ക്കും ലക്ഷ്യസ്ഥാനത്ത് വെടി വെയ്ക്കാന്‍ കഴിയാത്തവരെന്ന് റിപ്പോര്‍ട്ട്.

ജമ്മുവില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ജവാന്മാര്‍ നിത്യേനയുള്ള പരിശീലനത്തില്‍ വെടി ലക്ഷ്യത്തിലെത്തിക്കാനാവാതെ പരാജയപ്പെടുന്നതായും ഡി.എന്‍.എ പത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വെടി വയ്ക്കാനറിയാത്തവര്‍ 30 ശതമാനം ആയിരിക്കുമ്പോള്‍ തന്നെ മറ്റൊരു 30 ശതമാനം പേര്‍ സൈന്യത്തില്‍ ജോലി ചെയ്യാനുള്ള ക്ഷമതയുള്ളവരല്ല. അമിത വണ്ണവും പെട്ടെന്ന് വികാരത്തിന് അടിപ്പെടുന്നവരുമാണ് ഇവര്‍.

ശ്രീനഗറില്‍ സുരക്ഷയ്ക്കായി 45,000 ജവാന്മാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഇവര്‍ക്കെല്ലാം കൂടി പരിശീലനത്തിനായി ഒരു കേന്ദ്രം മാത്രമാണ് ഉള്ളതെന്നാണ് ഏറ്റവും ദു:ഖകരമായ കാര്യം. അതിനാല്‍ തന്നെ എല്ലാ ദിവസവും പരിശീലനം നടത്താന്‍ ജവാന്മാര്‍ക്ക് സാധിക്കാറുമില്ല.

ജമ്മുകാശ്മീരിന്റെ സുരക്ഷയില്‍ വലിയ പങ്ക് വഹിക്കുന്ന സി.ആര്‍.പി.എഫ് ജവാന്മാര്‍ നിര്‍ബന്ധമായും നിത്യേന പരിശീലനം നടത്തിയിരിക്കണമെന്നാണ് ചട്ടം.

ഏഴ് കമ്പനി സേന സജീവ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു കമ്പനി നിര്‍ബന്ധമായും ആറാഴ്ചത്തെ പരിശീലനം നടത്തിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. എന്നാല്‍, കാശ്മീരിലെ പ്രത്യേക സാഹചര്യം കാരണം ഇതൊന്നും പാലിക്കപ്പെടാറില്ല. ഉടന്‍ തന്നെ ജോലിയിലേക്ക് നിയോഗിക്കപ്പെടുകയാണ് പതിവ്.

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വധിച്ചതിന് പിന്നാലെ കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം പൂര്‍ണമായി കെട്ടടങ്ങുന്നതിന് മുമ്പാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.

Top