ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്ന് പൊലീസ്

ശ്രീനഗര്‍: രാജ്യത്ത് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്ന് ജമ്മു കശ്മീര്‍ പൊലീസ്. മുന്‍ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാസേനയുടെ ശക്തമായ ഇടപെടല്‍ മൂലം പല തീവ്രവാദ ഗ്രൂപ്പുകള്‍ക്കും നേതാക്കന്‍മാരില്ലാത്ത അവസ്ഥയാണ്.

നേരത്തെ 350നും 400നും ഇടയില്‍ തീവ്രവാദികള്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 200 പേര്‍ മാത്രമായി കുറഞ്ഞുവെന്ന് ജമ്മുകാശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ്ങ് വ്യക്തമാക്കി. 2019 ജൂലൈ വരെ ആകെ 131 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 29 തീവ്രവാദികളെ മാത്രമാണ് കൊലപ്പെടുത്താന്‍ സാധിച്ചത്.

2019-ല്‍ മൊത്തം 161 തീവ്രവാദികളെ കൊലപ്പെടുത്തി. ഈ വര്‍ഷം ഇതുവരെ 150 തീവ്രവാദികളെ കൊലപ്പെടുത്തിയതായും ഇതില്‍ 30 പേര്‍ വിദേശികളും 120 പേര്‍ സ്വദേശികളുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top