ജമ്മുകശ്മീർ വിഷയത്തിൽ വൻ വിവാദം, കേരളത്തിലും നേട്ടം കൊയ്യാൻ ബി.ജെ.പി

മ്മു കശ്മീര്‍ വിഷയം കേരളത്തിലെ ഉപതിരഞ്ഞെടുപ്പിലും പ്രധാന പ്രചരണ വിഷയമാകും. ബി.ജെ.പിയും ബി.ജെ.പി ഇതര പാര്‍ട്ടികളും വിഷയം സജീവ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് നടത്തുന്നത്.

ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ അന്തസ്സും കരുത്തും ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടായാണ് ബി.ജെ.പി കശ്മീര്‍ നടപടിയെ കാണുന്നത്.പ്രത്യേക പദവി എടുത്ത് കളഞ്ഞതോടെ ഒരൊറ്റ രാജ്യം ഒരൊറ്റ ജനത, ഒരേയൊരു നിയമം എന്നതിന് പൂര്‍ണ്ണത കൈവന്നതായാണ് ബി.ജെ.പി ചൂണ്ടിക്കാട്ടുന്നത്.

കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പും പൊതു തിരഞ്ഞെടുപ്പും നടക്കാനിരിക്കുന്നതിനാല്‍, രാഷ്ട്രീയമായി വലിയ നേട്ടം കൊയ്യാന്‍ പറ്റുമെന്നാണ് കാവിപ്പട കരുതുന്നത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിലും ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കും. കര്‍ണ്ണാടകയില്‍ പൊതു തിരഞ്ഞെടുപ്പിലേക്ക് പോകണമെന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന ഘടകം അനുകൂലമായാല്‍ മഹാരാഷ്ട്രക്കൊപ്പം ഇവിടെയും തിരഞ്ഞെടുപ്പ് നടക്കും.

മഹാരാഷ്ട്രയില്‍ ബി.ജെ.പി ഒറ്റക്ക് മത്സരിക്കണമെന്ന അഭിപ്രായമാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനുള്ളത്. ശിവസേനയെ ഒഴിവാക്കി മത്സരിച്ചാല്‍ പോലും വലിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ വരാന്‍ കഴിയുമെന്നാണ് കണക്ക് കൂട്ടല്‍. ആര്‍.എസ്.എസ് ദേശീയ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമായതിനാല്‍ പരിവാര്‍ നേത്യത്വത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായിരിക്കും.അതേസമയം, ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന്റെ ഞെട്ടലിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രത്യേക പദവി എടുത്ത് കളഞ്ഞ നിലപാടിനെതിരെ ആദ്യമായി തെരുവിലിറങ്ങിയത് സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ്.

പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് നടത്തിയാണ് സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം പ്രകടിപ്പിച്ചത്. കേരളത്തില്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തുകയുണ്ടായി.

ആദ്യം ഒന്ന് പകച്ചെങ്കിലും ഡി.വൈ.എഫ്.ഐ രംഗത്തിറങ്ങിയതോടെ കോണ്‍ഗ്രസ്സും മുസ്ലീം ലീഗും പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിന്തുണച്ച ന്യൂനപക്ഷ വോട്ടുകള്‍ കൈവിട്ട് പോകുമെന്ന ആശങ്കയെ തുടര്‍ന്നാണിത്.

സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത് വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, പാല, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ്.ഇതില്‍ അരൂര്‍ ഒഴികെ ബാക്കി 5 ഉം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.ഇതില്‍ മൂന്നിടത്ത് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാല്‍ രണ്ടാം സ്ഥാനത്ത് ബി.ജെ.പിയാണ്.

ജമ്മുകശ്മീരിലെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഈ മണ്ഡലങ്ങളില്‍ നേട്ടമുണ്ടാക്കുമെന്നാണ് ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. ഭൂരിപക്ഷ സമുദായത്തിന്റെയും ക്രിസ്ത്യന്‍ വിഭാഗത്തിന്റെയും വോട്ടുകള്‍ വലിയ രൂപത്തില്‍ സമാഹരിക്കാന്‍ കഴിയുമെന്നാണ് .പ്രതീക്ഷ.

ഉപതെരഞ്ഞെടുപ്പില്‍ ആറില്‍ മൂന്നു മണ്ഡലങ്ങളും പിടിച്ചെടുക്കാനുള്ള കര്‍മ്മപദ്ധതിയാണ് ബി.ജെ.പി തയ്യാറാക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാനാകാത്തതിന്റെ ക്ഷീണം ഉപതെരഞ്ഞെടുപ്പില്‍ തീര്‍ക്കുകയാണ് ലക്ഷ്യം.

വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ വിജയിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തന്നെ നടത്താനാണ് തീരുമാനം. ഇതിനായി കീഴ് ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും രംഗത്തിറങ്ങും.സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിലപാടും നിര്‍ണ്ണായകമാകും.

വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ്സിലെ ശശി തരൂരിനേക്കാള്‍ 2,836 വോട്ടിന്റെ കുറവ് മാത്രമാണ് കുമ്മനത്തിനുള്ളത്. 50,709 വോട്ടുകള്‍ ഇവിടെ കുമ്മനത്തിന് ലഭിച്ചിട്ടുണ്ട്. ശബരിമല സമരം കത്തി നിന്ന കോന്നിയില്‍ 46,506 വോട്ട് പിടിച്ച് രണ്ടാംസ്ഥാനത്ത് എത്താന്‍ സുരേന്ദ്രനും കഴിഞ്ഞിരുന്നു. വീണാ ജോര്‍ജുമായി 440 വോട്ടിന്റെ വ്യത്യാസമാണ് സുരേന്ദ്രന് കോന്നിയിലുള്ളത്. യു.ഡി.എഫുമായുള്ള വ്യത്യാസം 3161 വോട്ടാണ്.

മഞ്ചേശ്വരത്ത് ജയിച്ച യു.ഡി.എഫിലെ രാജ് മോഹന്‍ ഉണ്ണിത്താനുമായി 11,113 വോട്ടിന്റെ വ്യത്യാസമുണ്ടെങ്കിലും കാവി പ്രതീക്ഷ വലുതാണ്. രണ്ടാമതെത്തിയ ബി.ജെ.പി ഇവിടെ 57,104 വോട്ട് നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന്‍ 89 വോട്ടിന് മാത്രമാണ് ഇവിടെ പരാജയപ്പെട്ടത്. മഞ്ചേശ്വരത്ത് മുന്‍ എം.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാക്കുമോ എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

ഈ മൂന്ന് മണ്ഡലങ്ങളിലും എന്തായാലും ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ തന്നെ നിര്‍ത്താനാണ് ആര്‍.എസ്.എസ് നിര്‍ദ്ദേശം. കെ.എം. മാണിയുടെ പാല, ആരിഫ് പ്രതിനിധാനം ചെയ്തിരുന്ന അരൂര്‍, ഹൈബി ഈഡന്റെ എറണാകുളം എന്നിവടങ്ങളില്‍ വിദൂര പ്രതീക്ഷപോലും ബി.ജെ.പിക്കില്ല. അതിനാല്‍ തന്നെ പ്രവര്‍ത്തനം മുഴുവന്‍ വിജയ സാധ്യതയുള്ള ഈ മൂന്ന് മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരിക്കും. വിവിധ ജില്ലകളില്‍ നിന്നും സ്വയം സേവകര്‍ ഉള്‍പ്പെടെയുള്ളവരെ പ്രചരണത്തിന് ഇറക്കാനും പദ്ധതിയുണ്ട്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് സീറ്റില്‍ അരൂര്‍ സീറ്റു മാത്രമാണ് ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റ്. എന്നാല്‍ സിറ്റിംഗ് സീറ്റിനു പുറമേ കോന്നി, പാല, എറണാകുളം സീറ്റുകള്‍ പിടിച്ചെടുക്കാനാണ് ഇടതു നീക്കം. വട്ടിയൂര്‍ക്കാവില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുവാന്‍ ഇപ്പോഴേ സി.പി.എം ശ്രമം തുടങ്ങിയിട്ടുണ്ട്.

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ ഇനി വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും. 2021ലെ നിയമസഭ ഉപതെരഞ്ഞെടുപ്പിനു മുന്‍പുള്ള റിഹേഴ്‌സലായും വിലയിരുത്തപ്പെടും. അതു കൊണ്ട് തന്നെ വിജയത്തില്‍ കുറഞ്ഞ് മറ്റൊന്നും ഇടതുപക്ഷത്തിനും ചിന്തിക്കാന്‍ കഴിയില്ല. സിറ്റിംഗ് സീറ്റായ അരൂരില്‍ യു.ഡി.എഫാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേരിയ മുന്‍ തൂക്കം നേടിയിരുന്നത്. ഇത് എളുപ്പത്തില്‍ മറികടക്കാം എന്ന ആത്മവിശ്വാസത്തിലാണ് ചെമ്പട.

യു.ഡി.എഫിനാണ് ശരിക്കും ഉപതെരഞ്ഞെടുപ്പ് അഗ്‌നി പരീക്ഷണമാകാന്‍ പോകുന്നത്. ആറില്‍ അഞ്ച് സീറ്റും യു.ഡി.എഫിന്റെ കുത്തക സീറ്റുകളാണ്. മൂന്നെണ്ണം കോണ്‍ഗ്രസ്സിന്റെയും ഒന്നു വീതം ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയുമാണ്. പാലായില്‍ കഴിഞ്ഞ തവണ കഷ്ടിച്ചാണ് കെ.എം മാണി വിജയിച്ചത്. ഇത്തവണ കേരള കോണ്‍ഗ്രസ്സിലെ ഭിന്നതയും പുതിയ ഭീഷണിയാണ്. മഞ്ചേശ്വരത്ത് നിവലില്‍ ബിജെപിക്ക് നല്ല കരുത്താണുളളത്. തീ പാറുന്ന മത്സരത്തിനാണ് വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങള്‍ വേദിയാവാന്‍ പോകുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ത്രികോണ മത്സരം തന്നെയാണ് ഇവിടെ നടക്കുക.

സംസ്ഥാന ഭരണം തിരിച്ചു പിടിക്കാന്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന് നിര്‍ണ്ണായകമാണ്. തുടര്‍ഭരണം ഉറപ്പ് വരുത്താന്‍ മാത്രമല്ല, ശക്തി നഷടമായില്ലെന്ന് തെളിയിക്കാന്‍ ഇടതുപക്ഷത്തിനും വിജയം അനിവാര്യമാണ്. അതേസമയം,കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി രാഷ്ട്രീയപരമായ നീക്കമാണെന്നും ഇനി തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ രാജീവ് ഗാന്ധി നേടിയതിനെക്കാള്‍ വലിയ വിജയം ബി.ജെ.പിക്കുണ്ടാവുമെന്നും അഭിപ്രായപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ രംഗത്ത് വന്നിട്ടുണ്ട്. ഈ തീരുമാനം തികച്ചും രാഷ്ട്രീയപരമായ നീക്കമാണെന്നും ഇതുകൊണ്ട് ജമ്മുകശ്മീരില്‍ ഒന്നും ചെയ്യാനാകില്ലെന്നുമാണ് മോദി വിമര്‍ശകനായ സിന്‍ഹ പറയുന്നത്.

‘ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ല. ചില പ്രധാന സംസ്ഥാനങ്ങളില്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഇതെല്ലാം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വേണ്ടി മോദി ചെയ്തതാണ്. ഉടനെ ഒരു പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 1984-ല്‍ രാജീവ് ഗാന്ധി നേടിയ വിജയത്തെക്കാള്‍ വലിയ വിജയം ബി.ജെ.പിക്കുണ്ടാവും’. രാജീവ് ഗാന്ധിയുടെ റെക്കോര്‍ഡ് അവര്‍ തകര്‍ക്കുമെന്നും യശ്വന്ത് സിന്‍ഹ ചൂണ്ടിക്കാട്ടി.

1984ല്‍ ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസ് 400-ലേറെ സീറ്റുകളില്‍ വിജയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ ബി.ജെ.പി. ഇതിലും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കുമെന്നാണ് സിന്‍ഹ അഭിപ്രായപ്പെടുന്നത്.

Top