ബി.ജെ.പി നേതാവിന്റെ ചോരക്ക് പകരം വീട്ടാന്‍ കച്ചമുറുക്കി ജമ്മു ഭരണകൂടം . . .

ജമ്മു: ബി.ജെ.പി സംസ്ഥാന സെക്രട്ടറി അനില്‍ പരിഹാറിന്റെയും സഹോദരന്റെയും കൊലയാളികളെ പിടികൂടാന്‍ താഴ്‌വര അരിച്ചുപെറുക്കി പൊലീസും സേനയും.ജമ്മു കാശ്മീരിലെ കിഷ്ത്വറില്‍ തന്റെ സ്റ്റേഷനറി കട അടച്ചതിനു ശേഷം വീട്ടിലേക്ക് വരുമ്പോഴാണ് പരിഹറും സഹോദരന്‍ അജിതും വെടിയേറ്റ് മരിച്ചത്.ഭീകരരാണ് ആക്രമണത്തിന് പിന്നാലെന്നാണ് പ്രാഥമിക നിഗമനം.

ആരായാലും പ്രതികളെ എത്രയും വേഗം പിടികൂടാന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണ്ണറുടെ ഉപദേഷ്ടാവും കശ്മീരില്‍ ഭീകര വിരുദ്ധ വേട്ട യോജിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്ത കെ.വിജയകുമാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മുന്‍ ഐ.പി.എസ് ഓഫീസര്‍ കൂടിയായ വിജയകുമാര്‍ കാട്ടു കൊള്ളക്കാരന്‍ വീരപ്പനെ കൊന്ന ദൗത്യസംഘത്തിന്റെ നായകനായിരുന്നു. മാവോയിസ്റ്റുകള്‍ക്കെതിരായ അര്‍ദ്ധ സൈനിക നടപടിക്ക് നേതൃത്വം കൊടുത്ത മികവാണ് അദ്ദേഹത്തെ കാശ്മീരില്‍ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

ഗവര്‍ണ്ണറുടെ ഭരണത്തിന്‍ കീഴിലായ ജമ്മു കാശ്മീരില്‍ ബി.ജെ.പിയുടെ ഉന്നത നേതാവ് കൊല്ലപ്പെട്ടത് ഗൗരവമായാണ് കേന്ദ്ര സര്‍ക്കാറും ബി.ജെ.പി ദേശീയ നേതൃത്വവും കാണുന്നത്.ഭീകരര്‍ക്കെതിരെയും അവരെ സഹായിക്കുന്ന ക്രിമിനലുകള്‍ക്കെതിരെയും ശക്തമായ റെയ്ഡാണ് ഇപ്പോള്‍ മേഖലയില്‍ നടക്കുന്നത്.മരിച്ച അനില്‍ പരിഹാര്‍ ജനങ്ങള്‍ക്കിടയില്‍ മികച്ച പ്രതിഛായയുള്ള നേതാവായിരുന്നു.

രാഷ്ട്രീയമായിരുന്നില്ല ഈ നേതാവിന്റെ ഉപജീവന മാര്‍ഗ്ഗം, തിരക്കിട്ട രാഷ്ട്രീയ പ്രവര്‍ത്തനത്തിനിടയിലും സ്വയം ജോലി ചെയ്ത് സമ്പാദിച്ച് കുടുംബം നോക്കുന്ന മാതൃകാ രാഷ്ട്രീയക്കാരനാണ് അനില്‍ പരിഹാറെന്നാണ് രാഷ്ട്രീയ എതിരാളികള്‍ പോലും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

ജമ്മു കാശ്മീരില്‍ ജനസ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള തീവ്രശ്രമം നടത്തി വരുന്ന ബി.ജെ.പിക്ക് അപ്രതീക്ഷിതമായ അഘാതമാണ് അനില്‍ പരിഹറിന്റെ ദാരുണ മരണം.നേതാക്കളെ ഭയപ്പെടുത്തി പിന്‍മാറ്റി കളയാമെന്ന് ആരും ധരിക്കേണ്ടതില്ലന്നും ഇതിന് ശക്തമായ മറുപടി നല്‍കിയിരിക്കുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Top