ഇനി ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളിലും ബിയർ ലഭിക്കും; ജമ്മു കശ്‌മീരിൽ പുതിയ മദ്യനയം

ശ്രീന​ഗർ: പുതിയ മദ്യനയം അനുസരിച്ച് ജമ്മു കശ്‌മീരിൽ ഇനി പഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളിലും മദ്യം ലഭിക്കും. ബിയറും റെഡി ടു ഡ്രിങ്ക് മദ്യവുമാണ് ലഭിക്കുക. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ അധ്യക്ഷനായ ഭരണഘടനാ സമിതി ഇതുമായി ബന്ധപ്പെട്ട ബിൽ അംഗീകരിച്ചു.

ഡിപ്പാർട്ട്മെൻ്റ് സ്റ്റോറുകളിൽ മദ്യം ലഭിക്കുമെങ്കിലും ഇതിനു ചില നിബന്ധനകളുണ്ട്. ചുരുങ്ങിയത് 1200 കാർപറ്റ് ഏരിയ ഉണ്ടായിരിക്കണം. ഇത് അതാത് അധികാരികൾ അംഗീകരിച്ചിരിക്കണം. ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ചുരുങ്ങിയത് പ്രതിവർഷം 5 കോടി രൂപ ടേണോവറും മറ്റ് ഇടങ്ങളിൽ 2 കോടി രൂപ ടേണോവറും ഉണ്ടാവണം. 10 കോടി രൂപ പ്രതിവർഷ ടേണോവറുള്ള ഡിപ്പാർട്ട്മെൻ്റ് സ്റ്റോർ ശൃംഘലയ്ക്ക് ഓരോ കടയിലും പ്രത്യേക ലൈസൻസിന് അപേക്ഷിക്കാം. അപേക്ഷ നൽകുന്നതിന് ഒരു വർഷക്കാലം മുൻപുള്ള സമയത്ത് ഈ കട പ്രവർത്തിച്ചിരിക്കണം. എന്നാൽ, 10 കോടി രൂപയ്ക്ക് മുകളിൽ പ്രതിവർഷ ടേണോവർ ഉള്ള സ്റ്റോർ ശൃംഘലയിലെ പുതിയ കടകൾക്ക് ഈ നിയമം ബാധകമല്ല. തണുപ്പിച്ച ഭക്ഷണ സാധനങ്ങൾ, ബേക്കറി, മേക്കപ്പ് സാധനങ്ങൾ, വീട്ടുസാമാനങ്ങൾ, പാത്രങ്ങൾ, കായികോപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, മറ്റ് സ്റ്റേഷനറി സാധനങ്ങൾ എന്നിവകളിൽ 6 എണ്ണമെങ്കിലും വിൽക്കുന്ന കടയായിരിക്കണം. പെട്രോൾ പമ്പുകളിൽ പ്രവർത്തിക്കുന്ന കടകൾക്ക് ലൈസൻസ് നൽകില്ല.

Top