Jammu Kashmir issue exists because of Nehru’s blunder: Amit Shah

Amit-Shah

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ജവഹര്‍ ലാല്‍ നെഹ്‌റു കാണിച്ചത് ചരിത്രപരമായ അബദ്ധമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ-പാക് വിഭജനത്തിന് കാരണം കോണ്‍ഗ്രസാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

പാകിസ്താന്റെ പിന്തുണയോടെ ഗോത്രവര്‍ഗക്കാര്‍ 1948 ല്‍ കശ്മീര്‍ ആക്രമിച്ചപ്പോള്‍ താല്‍ക്കാലികമായി യുദ്ധം നിര്‍ത്തിവയ്ക്കാനായിരുന്നു നെഹ്‌റു തീരുമാനിച്ചത്.

ഒരു കാരണവുമില്ലാതെ പെട്ടൊന്നൊരു ദിവസം നെഹ്‌റു യുദ്ധം അവസാനിപ്പിക്കുകയായിരുന്നു. ഇന്നും അതിന്റെ കാരണം ആര്‍ക്കും വ്യക്തമല്ല. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു നേതാവും ഇത്തരത്തിലുള്ള ഒരു തെറ്റായ തീരുമാനം എടുത്തു കാണില്ല അമിത് ഷാ പറയുന്നു.

അന്ന് അത്തരത്തിലൊരു തീരുമാനം അദ്ദേഹം എടുത്തില്ലായിരുന്നുവെങ്കില്‍ ജമ്മു കശ്മീര്‍ പ്രശ്‌നം ഇന്ന് ഉണ്ടാവുകയേ ഇല്ലായിരുന്നെന്ന് അമിത് ഷാ പറഞ്ഞു.

ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്റ് ലൈബ്രറിയില്‍ നടന്ന ജനസംഘം സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു അമിത് ഷാ നെഹ്‌റുവിനെ വിമര്‍ശിച്ചത്.

ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയ് ആയിരുന്നു ചടങ്ങിലെ മുഖ്യ പ്രഭാഷകന്‍. 1953 ല്‍ കശ്മീരില്‍ ഒരു പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോയ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ മരണത്തെ കുറിച്ച് അദ്ദേഹം ചോദ്യങ്ങള്‍ ഉയര്‍ത്തി. സംഭവത്തെ കുറിച്ച് യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താന്‍ നെഹ്‌റു സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണം കൊലപാതകം ആണെന്നു ഒരു വലിയ വിഭാഗം ആളുകളും വിശ്വസിക്കുന്നത്. കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ സത്യം പുറത്തു കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു അമിത് ഷാ പറയുന്നു.

കൊല്‍ക്കത്ത ഇന്നും ഇന്ത്യയുടെ ഭാഗമായി നില്‍ക്കുന്നുണ്ടെങ്കില്‍ അത് ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രവര്‍ത്തന ഫലം കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു

Top