കശ്മീരിലെ ഫോണ്‍ നിയന്ത്രണം നിരവധി ജീവനുകള്‍ രക്ഷിച്ചു: ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്

ന്യൂഡല്‍ഹി: കശ്മീരിലെ നില ശാന്തമാണെന്നും മരുന്നുകള്‍ക്കും അവശ്യവസ്തുക്കള്‍ക്കും ക്ഷാമമില്ലെന്നും ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഒരുപാടുപേരുടെ ജീവന്‍ രക്ഷിക്കാനായെന്നും കഴിഞ്ഞ പത്തുദിവസമായി കലാപം കാരണം കശ്മീരില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അവശ്യവസ്തുക്കള്‍ക്കും മരുന്നുകള്‍ക്കും കശ്മീരില്‍ ക്ഷാമം നേരിടുന്നില്ലെന്നും എല്ലാം ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. ബലിപെരുന്നാളിന് പ്രദേശവാസികളുടെ വീടുകളിലെത്തി മാംസവും പച്ചക്കറികളും വിതരണം ചെയ്തിരുന്നതായും സത്യപാല്‍ മാലിക്ക് വ്യക്തമാക്കി.

കശ്മീരില്‍ ഒരു മനുഷ്യജീവന്‍ പോലും പൊലിയരുതെന്നാണ് ഞങ്ങളുടെ മനസിലുള്ളത്. ഈ നിയന്ത്രണങ്ങളെല്ലാം ഉടന്‍തന്നെ പിന്‍വലിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Top