ജയ്‌ഷെ ഭീകരരെ കഴിഞ്ഞ വര്‍ഷവും കൊണ്ടുപോയി; അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍

ജമ്മുകാശ്മിര്‍: കഴിഞ്ഞ വര്‍ഷം ഡിസംബറിലും കശ്മീര്‍ താഴ്വരയിലേക്ക് ജയ്‌ഷെ മുഹമ്മദ് ഭീകരരെ കൊണ്ടുപോയിരുന്നതായി അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ സമീര്‍ ധര്‍. ജയ്ഷ് ബന്ധമുള്ള സമീര്‍ കഴിഞ്ഞ ദിവസം ട്രക്കില്‍ കൊണ്ടുപോയ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു.

2019 ഫെബ്രുവരിയില്‍ പുല്‍വാമയില്‍ 40 സിആര്‍പിഎഫുകാരെ സ്‌ഫോടനത്തില്‍ വധിച്ച ചാവേര്‍ ആദില്‍ ധറിന്റെ അടുത്ത ബന്ധുവാണു സമീര്‍. ഭീകരര്‍ ഇപ്പോഴും അതിര്‍ത്തി കടന്നുവരുന്നുണ്ടെന്നും അവര്‍ പുല്‍വാമ, ട്രാല്‍ മേഖലകളില്‍ കഴിയുന്നുണ്ടെന്നും സമീര്‍ വ്യക്തമാക്കി.

വെടിയുണ്ടയേല്‍ക്കാത്ത വാഹനങ്ങളും ബങ്കറുകളിലും തുളച്ചുകയറുന്ന സ്റ്റീല്‍ ബുള്ളറ്റുകളും ഇവരുടെ പക്കലുണ്ട്. ഉരുക്കിന്റെ ചെറിയ ആവരണത്തോടെ ഈയത്തില്‍ നിര്‍മിച്ചിട്ടുള്ള വെടിയുണ്ടകള്‍ക്കു പകരം ചൈനീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉരുക്കില്‍ തന്നെ നിര്‍മിച്ചിട്ടുള്ള ഇത്തരം വെടിയുണ്ടകള്‍ ലത്‌പോറ സിആര്‍പിഎഫ് ക്യാംപിനു നേരെ 2017ല്‍ നടത്തിയ ആക്രമണത്തില്‍ പ്രയോഗിച്ചിരുന്നു. അന്ന് ബുള്ളറ്റ് പ്രൂഫ് ധരിച്ച ഒരു സൈനികനും വെടിയേറ്റു മരിച്ചു.

പുല്‍വാമയില്‍ പൊലീസിനു നേരെയും ഇതേ വെടിയുണ്ടകള്‍ പ്രയോഗിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം ഉപയോഗിക്കുന്ന ആയുധങ്ങളും ഭീകരര്‍ കശ്മീരില്‍ ഉപയോഗിച്ചിട്ടുണ്ട്. താലിബാന്‍ ജയ്‌ഷെ മുഹമ്മദിനു നല്‍കിയതാകണം ഇവ. പാക്ക് സൈന്യത്തിനും ഇതേ ആയുധങ്ങള്‍ ഉണ്ട്.

Top