ഭീകരരെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നതിന് ആ സാഹസത്തിനും കേന്ദ്രം തയ്യാറായേക്കും ?

ശ്മീര്‍ ഇപ്പോള്‍ ആശങ്കയുടെ മുള്‍മുനയിലാണ്. ലോകത്തിന്റെ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് ഈ നാടിനെയാണ്. കശ്മീരിന് നല്‍കി വരുന്ന പ്രത്യേക പദവി എടുത്ത് കളയുന്നത് എന്ത് പ്രത്യാഘാതമാണ് രാജ്യത്തുണ്ടാക്കുകയെന്നതിനെക്കുറിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് കശ്മീര്‍ സന്ദര്‍ശിച്ചതിന് തൊട്ട് പിന്നാലെ 10,000 സി.ആര്‍.പി.എഫ് ജവാന്‍മാരെയാണ് കശ്മീരില്‍ വിന്യസിച്ചിരുന്നത്. ഇപ്പോള്‍ കാല്‍ ലക്ഷത്തിലധികം പേരെ വീണ്ടും നിയോഗിച്ചിരിക്കുകയാണ്. മൂന്ന് സൈനിക വിഭാഗങ്ങളോടും എന്തിനും തയ്യാറായി നില്‍ക്കാനും ഉത്തരവ് നല്‍കി കഴിഞ്ഞു.

പ്രത്യേക പദവി എടുത്ത് കളയുന്നതോടെ ജമ്മുകശ്മീരില്‍ വിഘടനവാദികള്‍ ഉയര്‍ത്താനിടയുള്ള പ്രതിഷേധം മുന്നില്‍ കണ്ടാണ് ഈ മുന്‍കരുതല്‍. കശ്മീര്‍ താഴ് വരയില്‍ ഭീകരരെ ഉപയോഗിച്ച് പാക്കിസ്ഥാന്‍ ആക്രമണം നടത്തുമെന്ന സന്ദേശം കൂടി ലഭിച്ചതോടെ ഇന്ത്യന്‍സേന വലിയ ജാഗ്രതയാണ് പുലര്‍ത്തുന്നത്.

പാക്കിസ്ഥാനില്‍ നിന്നും ഭീകരര്‍ ആക്രമണത്തിന് തുനിഞ്ഞാല്‍ അതിര്‍ത്തി കടന്ന് ആക്രമണം നടത്താനാണ് സൈന്യത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രണ്ടും കല്‍പ്പിച്ച് മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ ചങ്കിടിക്കുന്നത് ഭീകരര്‍ക്ക് മാത്രമല്ല പാക്കിസ്ഥാനുമാണ്. കശ്മീര്‍ വിഷയത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോക രാഷ്ട്രങ്ങള്‍ ഇടപെടണമെന്ന ആവശ്യം വീണ്ടും പാക്കിസ്ഥാന്‍ ഉയര്‍ത്തി കഴിഞ്ഞു. ഇന്ത്യ മന:പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്നാണ് അവരുടെ ആക്ഷേപം.

എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യത്തില്‍ അമേരിക്ക എന്നല്ല ഒരു രാഷ്ട്രവും ഇടപെടേണ്ട കാര്യമില്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യന്‍ പ്രസിഡന്റിനു പോലും ഒരു തുണ്ട് ഭൂമി വാങ്ങാന്‍ അനുവാദമില്ലാത്ത നിയമം മാറ്റണമെന്ന കാര്യത്തില്‍ സംഘപരിവാറും കടുത്ത നിലപാടിലാണ്. ആര്‍.എസ്.എസിന്റെ ഈ ശക്തമായ നിലപാടാണ് സാഹസത്തിന് കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്.

സ്വന്തം ഭരണഘടനയും സ്വന്തം കൊടിയുമുള്ള ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഒരേ ഒരു സംസ്ഥാനം കൂടിയാണ് ജമ്മു കശ്മീര്‍. വിഘടനവാദികളുടെയും തീവ്രവാദികളുടെയും വിഹാരഭൂമിയായി കശ്മീര്‍ മാറിയ സാഹചര്യത്തിലാണ് ശാശ്വത പരിഹാരമിപ്പോള്‍ കേന്ദ്രം തേടുന്നത്.

പ്രത്യേക പദവി എടുത്ത് കളഞ്ഞും സൈനിക നടപടി ശക്തമാക്കിയും കശ്മീരിനെ സമാധാനത്തിലേക്ക് കൊണ്ടുവരികയാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇപ്പോഴത്തെ സൈനിക വിന്യാസം പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ കൂടി ഉദ്ദേശിച്ചിട്ടുള്ളതാണ്.

ഭരണഘടന പ്രകാരം രാജ്യത്ത് എവിടെയും താമസിക്കാനും വസ്തു വാങ്ങാനും ഇന്ത്യന്‍ പൗരനു ലഭിക്കുന്ന അവകാശം കശ്മീരിലും ലഭിക്കണമെന്നതാണ് ബി.ജെ.പി ഉയര്‍ത്തുന്ന വാദം. ഈ അവകാശം ലംഘിക്കുന്ന 35 എ വകുപ്പ് തന്നെ എടുത്ത് കളയണമെന്നതാണ് ആവശ്യം. ഇതു സംബന്ധമായി നിരവധി ഹര്‍ജികള്‍ നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ളത്. 1954ല്‍ രാജേന്ദ്ര പ്രസാദ് രാഷ്ട്രപതിയായിരുന്നപ്പോഴാണ് പ്രത്യേക ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 35 എ നിലവില്‍ വന്നിരുന്നത്.

1846 ല്‍ ഈസ്റ്റിന്ത്യാ കമ്പനിയും ജമ്മുവിലെ രാജാവായിരുന്ന ഗുലാബ് സിംഗും തമ്മില്‍ ഉണ്ടാക്കിയ അമൃത്സര്‍ കരാര്‍ പ്രകാരം ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നുമാണ് ഗുലാബ് സിംഗ് കാശ്മീര്‍ താഴ് വര വിലക്ക് വാങ്ങിയിരുന്നത്. 75 ലക്ഷം ആയിരുന്നു അന്നത്തെ മോഹവില. ഇതെതുടര്‍ന്നാണ് ജമ്മു-കാശ്മീര്‍ എന്ന പേര് തന്നെയുണ്ടായത്.

ഇന്ത്യ-പാക്ക് വിഭചനം നടക്കുമ്പോള്‍ അന്ന് 552 നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചിലത് പാകിസ്ഥാനോട് ചേര്‍ന്നു, മറ്റുള്ളവര്‍ ഇന്ത്യയോടൊപ്പവും നിന്നു. എന്നാല്‍ ഇരു രാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യമായിരുന്നു ജമ്മു കശ്മീര്‍.

ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗവും മുസ്ലീങ്ങളായിരുന്നു. രാജാവ് ഹിന്ദുവും. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീര്‍ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് വെടിവെക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകളാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്.

പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. അവരില്‍ ധാരാളം പേര്‍ ആയുധ ധാരികളായി തിരിച്ചുവന്നു; ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരില്‍ 60,000 ലേറെ പേര്‍ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദുവിരുദ്ധപ്രക്ഷോഭം അയല്‍പ്രദേശങ്ങളായ മിര്‍പൂറിലേക്കും മുസാഫറബാദിലേക്കും പടര്‍ന്നു. ഒക്ടോബര്‍ 24 ന് പുഞ്ചിലെ വിപ്ലവകാരികള്‍ ‘ആസാദ് കാശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം തന്നെ പ്രഖ്യാപിക്കുകയുമുണ്ടായി.

ഒക്ടോബര്‍ 22 ന് പൂഞ്ചിലെ ഈ കലാപകാരികളുടെ സഹായത്തോടെ ആയുധധാരികളായ ആയിരക്കണക്കിന് പഠാന്‍ ഗോത്രവര്‍ഗ്ഗക്കാര്‍ കാശ്മീരിനെ ആക്രമിച്ചു. ഇവര്‍ക്ക് പാകിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ലയിഖത്ത് അലിഖാന്റെ സര്‍വ്വവിധ സഹായങ്ങളും ഉണ്ടായിരുന്നു എന്നതും ചരിത്രമാണ്.

പഠാന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ആക്രമണത്തെ തടയാന്‍ ജമ്മു-കാശ്മീര്‍ രാജാവ് ഇന്ത്യാ ഗവണ്‍മെന്റിന്റെ സഹായമാണ് തേടിയിരുന്നത്. എന്നാല്‍, ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ട് ഇന്ത്യന്‍ പട്ടാളത്തെ അയയ്ക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ഇന്ത്യാ ഗവണ്‍മെന്റ് ഹരിസിംഗിനെ അറിയിക്കുകയായിരുന്നു. ഇതെ തുടര്‍ന്നാണ്, 1947 ഒക്ടോബര്‍ 26 ന്, ജമ്മു -കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായി മാറാനുള്ള കരാറില്‍ രാജാവ് ഒപ്പുവെച്ചിരുന്നത്.

തുടര്‍ന്ന് ആദ്യ ഇന്ത്യ-പാക് യുദ്ധത്തിന് കളമൊരുങ്ങി. 1949 ജനുവരി ഒന്നാം തീയതി ഇരു വിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കാശ്മീരിന്റെ ഭൂരിഭാഗവും, ജമ്മുവും ലഡാക്കും ഇന്ത്യയുടെ അധീനതയിലായി. ആസാദ് കാശ്മീര്‍ എന്ന പ്രദേശവും ചില വടക്കന്‍ പ്രവിശ്യകളും പാകിസ്ഥാന്റെ അധീനതയിലമായി. പാകിസ്ഥാന്റെ കൈവശം ഇരിക്കുന്ന ഈ ഭൂമിയാണ് ഇപ്പോഴത്തെ പാക് അധീന കാശ്മീര്‍.

പാക് അധീന കശ്മീര്‍ ഇപ്പോള്‍ ഭീകരരുടെ കേന്ദ്രമാണ്. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റവും ആക്രമണവും നടത്തുന്നത് ഇവിടെ നിന്നും പരിശീലനം ലഭിക്കുന്ന ഭീകരരാണ്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നിലും പാക്ക് അധീന കശ്മീരിലെ ഭീകരരാണ് കരുക്കള്‍ നീക്കിയിരുന്നത്. കശ്മീരിലെ വിഘടനവാദി നേതാക്കളുമായും ഭീകരര്‍ക്ക് അടുത്ത ബന്ധമാണുള്ളത്.

എല്ലാറ്റിനും ചരട് വലിക്കുന്ന മസൂദ് അസ്ഹര്‍ ആകട്ടെ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലുമാണ്. ജമ്മു കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതോടൊപ്പം പാക്ക് അധീന കശ്മീരും ഇന്ത്യ ലക്ഷ്യമിടുന്നതും അതുകൊണ്ട് തന്നെയാണ്.

അവസരം വന്നാല്‍ ഈ പ്രദേശം പിടിച്ചെടുക്കാന്‍ തന്നെയാണ് തീരുമാനം. ഇക്കാര്യം അമേരിക്കക്കും വ്യക്തമായി തന്നെ അറിയാം. അതു കൊണ്ടാണ് മധ്യസ്ഥതക്ക് തയ്യാറാണെന്ന് ട്രംപ് വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. എന്നാല്‍ അമേരിക്കയുടെ ഈ നിര്‍ദ്ദേശം പാടെ തളളിക്കളഞ്ഞാണ് പ്രശ്ന പരിഹാരത്തിന് സൈന്യം തന്നെ ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ഭീകരര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും പോലും സഹായകരമാകുന്ന ‘പ്രത്യേക പദവി’ ഇല്ലാതാകുന്നതോടെ സൈനിക നടപടിക്കും വേഗതയേറും.

രാജ്യത്ത് എല്ലായിടത്തും ഒരേ നിയമം വേണമെന്ന ആവശ്യം ഉയര്‍ത്തുക വഴി വലിയ രാഷ്ട്രീയ നേട്ടമാണ് ബി.ജെ.പിയും മുന്നില്‍ കാണുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്നതോടെ ദേശീയ വികാരം അനുകൂലമാകുമെന്നും കാവിപ്പട കണക്കു കൂട്ടുന്നുണ്ട്.

Top