സുന്‍ജ്വാനില്‍ നാലാമത്തെ ഭീകരനെയും വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു, അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

Sunjwan army camp attack

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ സുന്‍ജ്വാന്‍ കരസേനാ ക്യാംപിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ നാലാമത്തെ ഭീകരനെയും വധിച്ചു. രണ്ടു സൈനികരുള്‍പ്പെടെ മൂന്നുപേര്‍ കൂടി ഇന്നു കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ഒന്‍പതുപേര്‍ക്കു പരുക്കറ്റിട്ടുണ്ട്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഏറ്റുമുട്ടല്‍ തുടരുകയാണ്.

നേരത്തേ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസര്‍ (ജെസിഒ) ഉള്‍പ്പെടെ രണ്ടു സൈനികരാണു ഇന്നലെ വീരമൃത്യു വരിച്ചത്. സുബേദാര്‍ മദന്‍ലാല്‍ ചൗധരി (49), ഹവില്‍ദാര്‍ ഹബീബുല്ല ഖുറേഷി (42) എന്നിവരാണു വീരമൃത്യു വരിച്ചത്. മദന്‍ലാലിന്റെ മകള്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു.

ശനിയാഴ്ച പുലര്‍ച്ചെ 4.55നു ജമ്മുവിലെ സുന്‍ജ്വാന്‍ ക്യാംപിനു പിന്നിലൂടെയാണു ഭീകരര്‍ ക്യാംപിനുള്ളില്‍ പ്രവേശിച്ചത്. എകെ 56 തോക്കുകളും ഗ്രനേഡുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം ഇവരുടെ പക്കലുണ്ടായിരുന്നു.

സൈന്യം ഉടന്‍ തിരിച്ചടിച്ചതോടെ ഭീകരര്‍ ക്യാംപിനുള്ളിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ചു. രണ്ടു പേരെ ശനിയാഴ്ച തന്നെ വധിച്ച സൈന്യം ക്വാര്‍ട്ടേഴ്‌സ് വളഞ്ഞു കൂടുതല്‍ പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്. ആക്രമണം നടക്കുന്ന സമയം 150ല്‍ അധികം കുടുംബങ്ങള്‍ ക്യാംപിലുണ്ടായിരുന്നു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികമായ ഫെബ്രുവരി ഒന്‍പതിനു സൈന്യത്തിനു നേരെയോ സുരക്ഷാ സ്ഥാപനത്തിനു നേരെയോ ഭീകരാക്രമണ സാധ്യതയുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയിരുന്നു. 15 മാസത്തിനു ശേഷമാണു ജമ്മു കശ്മീരില്‍ സൈനിക ക്യാംപിനു നേരെ ആക്രമണം നടക്കുന്നത്. 2016 നവംബര്‍ 29നു ജമ്മുവിലെ നെഗ്രോട്ട ക്യാംപ് ആക്രമിച്ച ഭീകരര്‍ ഏഴു സൈനികരെ കൊലപ്പെടുത്തിയിരുന്നു. മൂന്നു ഭീകരരെ അന്നു സൈന്യം വധിച്ചു.

Top