കശ്മീരിന് ഇനി പ്രത്യേക പദവിയില്ല; എന്നാല്‍ ഇന്ത്യയില്‍ ഇനിയുമുണ്ട് ‘11പ്രത്യേക സംസ്ഥാനങ്ങള്‍’

രണഘടനപ്രകാരം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന വകുപ്പായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് അലയടിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ പാസാക്കിയ പുതിയ ബില്‍ പ്രകാരം ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാകും.

കശ്മീര്‍ വിഷയം ഉയര്‍ന്നു വന്നപ്പോള്‍ പ്രത്യേക പദവിയുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ഇത് മാത്രമാണോ എന്ന ചര്‍ച്ചയും പലര്‍ക്കിടയിലും ഉയര്‍ന്നു വന്നു. എന്നാല്‍ ഭരണഘടനയുടെ 371, 371 എ മുതല്‍ 371 എച്ച് വരെയും 371 ജെ എന്നീ അനുഛേദങ്ങള്‍ പ്രകാരം ഇന്ത്യയിലെ 11 സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിരക്ഷയുണ്ട്. അതാത് പ്രദേശങ്ങളിലെ സവിശേഷ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഈ പ്രത്യേക പദവികള്‍ ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ഇന്ത്യയിലെ പ്രത്യേക പദവിയുള്ള മറ്റ് സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ ഇങ്ങനെ

371 – മഹാരാഷ്ട്ര, ഗുജറാത്ത്

ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് അടക്കമുള്ള മേഖലകള്‍ക്കും മഹാരാഷ്ട്രയിലെ വിദര്‍ഭ, മറാത്ത് വാഡ മേഖലകള്‍ക്കും വികസനത്തിനായി പ്രത്യേക വികസന ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഈ ബോര്‍ഡുകളെ പ്രവര്‍ത്തനം സംബന്ധിച്ചു വാര്‍ഷിക റിപ്പോര്‍ട്ട് നിയമസഭയില്‍ സഭയില്‍ സമര്‍പ്പിക്കണം. മേല്‍ സൂചിപ്പിച്ച പ്രദേശങ്ങള്‍ക്ക്് ആവിശ്യമായ വികസന ഫണ്ട് അനുവദിക്കുക, അവിടത്തെ ജനങ്ങള്‍ക്ക് സംസ്ഥാന സര്‍വീസില്‍ ആവശ്യമായ അവസരങ്ങള്‍ ഉറപ്പു വരുത്തുക, സങ്കേതിക വിദ്യാഭ്യാസത്തിലും വൊക്കേഷണല്‍ ട്രെയ്‌നിങ്ങിലും ആവശ്യമായ അവസരങ്ങള്‍ ഒരുക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് സംസ്ഥാന ഗവര്‍ണമാരെ ഉത്തരവാദിത്വം ഏല്‍പ്പിക്കാന്‍ 371ാം അനുഛേദം രാഷ്ട്രപതിക്കു അധികാരം നല്‍കി.

371 എ – നാഗാലാന്‍ഡ്

നാഗകളുടെ മതപരവും സാമൂഹികവുമായ കാര്യങ്ങളിലും അവര്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ആചാരാനുഷ്ടാന നിയമങ്ങളിലും ആചാര നിയമങ്ങള്‍ക്ക് അനുസൃതമായ സിവില്‍ ക്രിമിനല്‍ കോടതി നടപടികളുടെ നടത്തിപ്പിലും ഭൂമിയുടെയും വിഭവങ്ങളുടെയും ഉടമസ്ഥത, കൈമാറ്റം എന്നീ കാര്യങ്ങളിലും നാഗലാന്‍ഡ് നിയമസഭ തീരുമാനിക്കുന്നത് വരെ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ നാഗലാന്‍ഡിനു ബാധകമല്ല.

ആഭ്യന്തര പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ക്രമസാമാധാന വിഷയങ്ങളില്‍ ഗവര്‍ണര്‍ക്ക് സവിശേഷമായ ഉത്തരവാദിത്വവും അധികാരവും. ട്യൂന്‍സാങ് മേഖലക്ക് മാത്രമായി പ്രത്യേക കൗണ്‍സില്‍ രൂപീകരിക്കണം. ഈ ജില്ലയില്‍ നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള അധികാരം ഈ കൗണ്‍സിലിന് നല്‍കുന്നതു അടക്കമുള്ള വ്യവസ്ഥകളാണ് 371 അ അനുഛേദം പറയുന്നത്.

371 ബി – അസം

അസമിലെ ഗോത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനായി അവിടെ നിന്നുള്ള നിയമസഭാ സമാജികരെ ഉള്‍പ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും അവര്‍ക്ക് സുരക്ഷ ഉറപ്പു വരുത്താന്‍ ഗവര്‍ണറെ ചുമതലപെടുത്താനുമുള്ള വ്യവസ്ഥ 371 ആ വ്യവസ്ഥ ചെയ്യുന്നു.

371 സി – മണിപ്പൂര്‍

അസമിലേതിനു സമാനമായി മണിപ്പൂരിലെ മലയോര മേഖലകള്‍ക്കായി പ്രത്യേക സമിതി.

371 ഡി, ഇ – ആന്ധ്രപ്രദേശ്

പൊതുമേഖലയിലെ ജോലികളിലും വിദ്യാഭ്യാസത്തിലും സംസ്ഥാനത്തിന്റെ വിവിധ മേഖകളിലെ ജനങ്ങള്‍ക്ക് അവസരങ്ങളും തുല്യതയും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വിവിധ നടപടികള്‍ക്ക് പ്രസിഡന്റിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ. ഇത്തരം വിഷയങ്ങളിലെ പരാതികള്‍ പരിഹരിക്കുന്നതിനായി പ്രത്യേക ട്രൈബ്യൂണല്‍. ട്രൈബ്യൂണലിന്റെ തീരുമാനങ്ങളില്‍ ഇടപെടാന്‍ സുപ്രീംകോടതിക്കു മാത്രം അധികാരം. സംസ്ഥാനത്തു യൂണിവേഴ്സിറ്റി സ്ഥാപിക്കാന്‍ പാര്‍ലമെന്റിനു പ്രത്യേക അധികാരം നല്‍കുന്ന വ്യവസ്ഥയാണ് 371 ഇ.

371 എഫ് – സിക്കിം

സിക്കിമിലെ നിയമസഭാ ലോകസഭാ പ്രാതിനിധ്യത്തിനു പ്രത്യേക വ്യവസ്ഥകള്‍. വിവിധ ജനവിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു അവരുടെ പ്രതിനിധികളെ സിക്കിം അഡ്മിനിസ്ട്രേറ്റീവ് അസംബ്ലിയില്‍ ഉള്‍പ്പെടുത്താന്‍ പാര്‍ലമെന്റിനു ആവശ്യമായ സീറ്റുകള്‍ സൃഷ്ടിക്കാം. സിക്കിമിലെ സാമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഗവര്‍ണക്കു പ്രത്യേക അധികാരം.

371 ജി – മിസോറാം

നിയമസഭയില്‍ 40ല്‍ കൂടുതല്‍ അംഗങ്ങളുണ്ടാവണമെന്ന് പ്രത്യേക വ്യവസ്ഥ. ആചാരാനുഷ്ടാന നിയമങ്ങളുമായി ബന്ധപ്പെട്ട് നാഗലാന്‍ഡിനുള്ള സമാനമായ അവകാശങ്ങള്‍ മിസോറാമിനുണ്ട്. അത്തരം കാര്യങ്ങളില്‍ പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങള്‍ സംസ്ഥാന നിയമസഭ അംഗീകരിച്ചാല്‍ മാത്രമേ സംസ്ഥാനത്തിന് ബാധകമാവൂ.

371 എച്ച് – അരുണാചല്‍ പ്രദേശ്

നിയമസഭയില്‍ ചുരുങ്ങിയത് 30 അംഗങ്ങളുണ്ടാവണമെന്ന് നിഷ്‌കര്‍ക്ഷിക്കുന്നതും ഗവര്‍ണക്ക് പ്രത്യേക അധികാരങ്ങള്‍ നല്‍കാന്‍ പ്രസിഡന്റിനെ അധികാരപ്പെടുത്തുന്നതുമായ വ്യവസ്ഥകള്‍.

371 ജെ – 2012ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഹൈദരാബാദ് – കര്‍ണാടക റീജിയണുകളിലായി ആറു പിന്നാക്ക ജില്ലകള്‍ക്ക് പ്രത്യേക പദവിയും വികസന ബോര്‍ഡും ഫണ്ടും പ്രദേശിക സംവരണവും വ്യവസ്ഥ ചെയ്യുന്നു.

ആര്‍ട്ടിക്കിള്‍ 370- അറിയാം ചരിത്രം

ഇന്ത്യ-പാക്ക് വിഭചനം നടക്കുമ്പോള്‍ അന്ന് 552 നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചിലത് പാകിസ്ഥാനോട് ചേര്‍ന്നു, മറ്റുള്ളവര്‍ ഇന്ത്യയോടൊപ്പവും നിന്നു. എന്നാല്‍ ഇരു രാജ്യത്തോടും ചേരാതെ നിന്ന നാട്ടുരാജ്യമായിരുന്നു ജമ്മു കശ്മീര്‍.

ജമ്മുകാശ്മീരിലെ ഭൂരിപക്ഷം ജനവിഭാഗവും മുസ്ലീങ്ങളായിരുന്നു. രാജാവ് ഹിന്ദുവും. പാകിസ്ഥാനോടൊപ്പം ചേരണമെന്ന് പറഞ്ഞ് പ്രക്ഷോഭം നടത്തിയ കാശ്മീര്‍ ജനതയ്ക്ക് നേരെ ഹരിസിംഗ് രാജാവ് വെടിവെക്കാന്‍ ഉത്തരവിട്ടു. ആയിരക്കണക്കിനാളുകളാണ് അന്ന് കൊല്ലപ്പെട്ടിരുന്നത്.

പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പൂഞ്ചില്‍ നിന്ന് ആയിരക്കണക്കിന് മുസ്ലീങ്ങള്‍ പാകിസ്ഥാനിലേക്ക് പലായനം ചെയ്തു. അവരില്‍ ധാരാളം പേര്‍ ആയുധ ധാരികളായി തിരിച്ചുവന്നു; ഹിന്ദുക്കളെയും സിഖുകാരെയും കൊന്നു. ശേഷിച്ചവരില്‍ 60,000 ലേറെ പേര്‍ ജമ്മുവിലേക്കു ഓടിരക്ഷപ്പെട്ടു. ഹിന്ദുവിരുദ്ധപ്രക്ഷോഭം അയല്‍പ്രദേശങ്ങളായ മിര്‍പൂറിലേക്കും മുസാഫറബാദിലേക്കും പടര്‍ന്നു. ഒക്ടോബര്‍ 24 ന് പുഞ്ചിലെ വിപ്ലവകാരികള്‍ ‘ആസാദ് കാശ്മീര്‍’ എന്ന പേരില്‍ സ്വതന്ത്രരാജ്യം തന്നെ പ്രഖ്യാപിക്കുകയുമുണ്ടായി.

ജമ്മു കശ്മീര്‍ സംസ്ഥാന രൂപീകരണത്തിന് ശേഷം നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഷെയ്ഖ് അബ്ദുല്ല ദോഗ്ര ഭരണാധികാരിയായിരുന്ന ഹരി സിങ് മഹാരാജാവില്‍ നിന്നും ഭരണം ഏറ്റെടുക്കുകയായിരുന്നു. പിന്നീട് 1949ല്‍ ന്യൂഡല്‍ഹിയുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നതിന് അദ്ദേഹം ശ്രമിച്ചതിന്റെ ഫലമായാണ് ഭരണഘടനയില്‍ മുന്നൂറ്റിയെഴുപതാം വകുപ്പ് ഉണ്ടാവുന്നത്. ആര്‍ട്ടിക്കിള്‍ 370 താത്കാലികമായിരിക്കരുതെന്നും സ്വയം ഭരണാവകാശം നല്‍കുന്നതായിരിക്കണമെന്നും ഷെയ്ഖ് അബ്ദുല്ല ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം അദ്ദേഹത്തിന്റെ ഈ ആവശ്യത്തിന് വഴങ്ങിയില്ല.

ജമ്മു കശ്മീരിലെ പൗരന്മാരുടെ സ്വത്തവകാശം, മൗലികാവകാശം, സംസ്ഥാനത്തെ നിയമ സംഹിത എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാക്കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. പ്രതിരോധം, ധനകാര്യം, വിദേശകാര്യം, ആശയവിനിമയം എന്നീ വകുപ്പുകള്‍ ഒഴികെയുള്ള നിയമങ്ങള്‍ ജമ്മു കശ്മീരില്‍ പ്രാവര്‍ത്തികമാക്കണമെങ്കില്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അനുവാദം വേണമായിരുന്നു.

ആര്‍ട്ടിക്കിള്‍ 370ന്റെ സാന്നിധ്യത്തില്‍ സംസ്ഥാനത്തിന് പുറത്തുള്ള ആളുകള്‍ക്ക് ജമ്മുകശ്മീരില്‍ നിന്നും ഭൂമി വാങ്ങാന്‍ കഴിയില്ല. ഭൂമിയെ സംബന്ധിച്ചുളള ക്രയ വിക്രയങ്ങള്‍ സംസ്ഥാനത്തെ ആളുകള്‍ തമ്മില്‍ മാത്രമേ നടത്താന്‍ സാധീക്കുകയുള്ളു. 370 ഉള്ളതിനാല്‍ 360 പ്രകാരമുള്ള സാമ്പത്തിക അടിയന്തിരാവസ്ഥ സംസ്ഥാനത്ത് പ്രഖ്യാപിക്കാന്‍ കേന്ദ്രത്തിന് കഴിയുമായിരുന്നില്ല. യുദ്ധകാലത്തോ അക്രമ സാഹചര്യങ്ങളിലോ മാത്രമേ ഇത് നടപ്പിലാക്കാന്‍ സാധിക്കുമായിരുന്നുള്ളു.

Top