കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു, ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി

ശ്രീനഗര്‍: ജമ്മു-കാശ്മീരിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.

പുല്‍വാമ ജില്ലയിലെ ത്രാലില്‍ വെച്ച് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്തെ ഇന്റര്‍നെറ്റ് സേവനമടക്കം നിര്‍ത്തലാക്കി.

ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍, പാക്കിസ്ഥാനില്‍ കയറി തീവ്രവാദികളെ കൊല്ലുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സൈനിക നടപടി ആവസാനിച്ചിട്ടില്ലന്നും മോദി വ്യക്തമാക്കി. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ബോംബ് ആക്രമണത്തില്‍ ഭീകരര്‍ കൊല്ലപ്പെട്ടതിന് ശക്തമായ തെളിവുകള്‍ ഇന്ത്യയുടെ മറ്റൊരു രഹസ്യാന്വേഷണ ഏജന്‍സിയായ നാഷണല്‍ ടെക്കനിക്കല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യ ബോംബിട്ട ബാലാക്കോട്ട് 300 ഓളം മൊബൈലുകള്‍ ബോംബ് ആക്രമണത്തിന് ശേഷം നിശ്ചലമായതാണ് കണ്ടെത്തിയത്. ഇത് കൊല്ലപ്പെട്ട തീവ്രവാദികളുടേത് ആണെന്നാണ് അനുമാനം. കൂടുതല്‍ തെളിവുകള്‍ ഔദ്യോഗികമായി തന്നെ ഇന്ത്യ പുറത്ത് വിടുമെന്നാണ് സൂചന.

ബോംബ് സ്‌ഫോടനം നടന്ന ഉടനെ പാക്ക് സൈന്യം പ്രദേശം വളഞ്ഞതായും മൃതദേഹങ്ങള്‍ നീക്കം ചെയ്തതായും പ്രദേശവാസികള്‍ വ്യക്തമാക്കിയിരുന്നു.

Top