തെരഞ്ഞെടുപ്പിനൊരുങ്ങി കശ്മീര്‍; ലഭിച്ചത് 22 നാമനിര്‍ദ്ദേശ പത്രികകള്‍ മാത്രം

ശ്രീനഗര്‍: തീവ്രവാദ ആക്രമണങ്ങളും പാര്‍ട്ടികളുടെ ബഹിഷ്‌ക്കരണ പ്രഖ്യാപനങ്ങളും നിലനില്‍ക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് ജമ്മു-കശ്മീര്‍.

പഞ്ചാബില്‍ നിന്നാണ് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കൊണ്ടുവരുന്നത്. ബാലറ്റ് പെട്ടികള്‍ ഹരിയാനയില്‍ നിന്നും എത്തും. അടുത്ത മാസം 8 മുതല്‍ 16 വരെ 4 ഘട്ടങ്ങളിലായാണ്‌ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ് നടക്കും. നവംബറിലാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ്.

20,000 ബാലറ്റ് പെട്ടികളാണ് ഹരിയാനയില്‍ നിന്നും എത്തിച്ചിരിക്കുന്നത്. ഓരോന്നിനും ദിനം പ്രതി 8-9 രൂപ വീതവും ഇവ ഇങ്ങോട്ടേയ്ക്ക് എത്തിക്കുന്ന വണ്ടിക്കൂലിയുമാണ് ആകെ ചെലവ്.

ഈ മാസം 25 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഇതുവരെ കശ്മീരില്‍ ആരും തന്നെ മത്സരത്തിന് തയ്യാറായി മുന്നോട്ട് വന്നിട്ടില്ല. 22 നാമനിര്‍ദ്ദേശ പത്രികകളാണ് ജമ്മു ഭാഗത്ത് നിന്നും സമര്‍പ്പിച്ചിരിക്കുന്നത്. വലിയ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വോട്ടെടുപ്പടക്കം എല്ലാ കാര്യങ്ങളും വീഡിയോയില്‍ ചിത്രീകരിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വന്ന ഉദ്യോഗസ്ഥര്‍ താമസിക്കാന്‍ ഉദ്ദേശിച്ചിരുന്ന വീടുകള്‍ കഴിഞ്ഞ ദിവസം ചിലര്‍ തീവച്ചിരുന്നു. എന്നാല്‍ ഇതൊന്നും തന്നെ കാര്യമാക്കുന്നില്ലെന്നും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 35എ വകുപ്പിന്റെ കാര്യത്തില്‍ കേന്ദ്ര നിലപാട് പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും പിഡിപിയും തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്ന് വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയ്ക്ക് പൂര്‍വ്വിക സ്വത്തില്‍ അവകാശമില്ലെന്ന് ഈ വകുപ്പില്‍ പരാമര്‍ശിക്കുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് എല്ലാവരോടും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകണമെന്ന് ആഹ്വാനം ചെയ്തിരുന്നു.

Top