Jammu and Kashmir policeman suspended for giving sensitive information to Pakistan

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സൈനികനീക്കത്തിന്റെ സുപ്രധാന വിവരങ്ങള്‍ പാകിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

ജമ്മു കാശ്മീര്‍ പൊലീസിലെ തന്‍വീര്‍ അഹമ്മദിനെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഡി.ജി.പി രാജേന്ദ്ര കുമാര്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അശ്രദ്ധ മൂലമാണ് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെക്കുറിച്ച് തന്‍വീര്‍ അഹമ്മദ് പറയുന്നത് ഇങ്ങനെയാണ് കഴിഞ്ഞ മാസം സ്വയം സൈനിക കമാന്‍ഡറെന്ന് പരിചയപ്പെടുത്തിയ ഒരാളുടെ ഫോണ്‍ കോള്‍ തനിക്ക് ലഭിക്കുന്നത്.

താഴ്‌വരയിലെ വിവിധ സ്ഥലങ്ങളിലെ പൊലീസിന്റെയും സൈന്യത്തിന്റെയും വിന്യാസത്തിന്റെ സുപ്രധാന വിവരങ്ങള്‍ അയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് തന്റെ മേല്‍ ഉദ്യോഗസ്ഥനില്‍ നിന്നും അനുമതി വാങ്ങിയിരുന്നതായും തന്‍വീര്‍ പറയുന്നു.

ഇയള്‍ വാട്‌സ്ആപ്പ് വഴിയാണ് വിവരങ്ങള്‍ കൈമാറിയതെന്നാണ് വിവരം. എന്നാല്‍ ആഭ്യന്തര മന്ത്രാലയം ഇത് കണ്ടെത്തുകയുംഅന്വേഷിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചത്.

കുറച്ച് കാലമായി പാകിസ്താനില്‍ നിന്നും ഇന്ത്യയിലെ പൊലീസുകാര്‍ക്ക് ഇത്തരം ഫോണ്‍കോളുകള്‍ ലഭിക്കുന്നത് സാധാരണമാണെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്നു.

വിളിക്കുന്നവര്‍ മറ്റ് സുരക്ഷാ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണെന്നായിരിക്കും പരിചയപ്പെടുത്തുക. എന്നിട്ട് സുപ്രധാന സൈനിക വിവരങ്ങള്‍ അന്വേഷിക്കുമെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ മുകളില്‍ നിന്നും അനുമതി ഇല്ലാതെ ഇത്തരം വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് പറഞ്ഞ് പൊലീസുകാര്‍ ഇവരെ ഒഴിവാക്കുകയാണ് പതിവെന്നും ഇന്റലിജന്‍സ് ഏജന്‍സി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Top