കശ്മീരിന്റെ പ്രത്യേക പദവിയെക്കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല: സത്യപാല്‍ മാലിക്

ശ്രീനഗര്‍: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവിയെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ ഭയപ്പെടാനില്ലെന്നും ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്.

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

“അവര്‍ തൃപ്തരായാണ് മടങ്ങിയത്. എന്നില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചത് ഞാന്‍ ചെയ്തിട്ടുണ്ട്. എന്റെ അറിവു വെച്ച്, കശ്മീരില്‍ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ നാളെ എന്ത് സംഭവിക്കുമെന്ന് അറിയില്ല. അത് എന്റെ കൈയ്യിലല്ല. എന്നാല്‍ ഇന്ന് ഒന്നും ഭയക്കേണ്ടതില്ല” – സത്യപാല്‍ മാലിക് പറഞ്ഞു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35-എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും എന്നുള്ള അഭ്യൂഹങ്ങള്‍ നില നില്‍ക്കുമ്പോഴായിരുന്നു ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടത്.

Top