ജമ്മുകശ്മീരും ല‍ഡാക്കും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി പ്രാബല്യത്തില്‍

കശ്മീര്‍ : ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ വന്നു. 370 ആം അനുഛേദം എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷമാണ് പ്രഖ്യാപനം ഉണ്ടായത്. രാജ്യത്തെ സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ ഇരുപത്തിയെട്ടായി കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങള്‍ ഒന്‍പതായി.

മുന്‍ കേന്ദ്ര സെക്രട്ടറി ഗിരീഷ് ചന്ദ്ര മുര്‍മുവാണ് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍. മുന്‍ പ്രതിരോധ സെക്രട്ടറി രാധാകൃഷ്ണ മാഥുറാണ് ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണര്‍. കേന്ദ്രഭരണ പ്രദേശങ്ങളായതോടെ ജമ്മു കശ്മീരിലേയും ലഡാക്കിലേയും ക്രമസമാധാന ചുമതല കേന്ദ്രസര്‍ക്കാരിന് കീഴിലായി.

പാര്‍ലമെന്റ് പ്രമേയം പാസാക്കിയതിനു പിന്നാലെ ആഗ്സ്റ്റ് ഏഴിന് അര്‍ദ്ധരാത്രിയാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിനുള്ള വിജ്ഞാപനത്തില്‍ രാഷ്ട്രപതി ഒപ്പു വച്ചത്. കശ്മീരിന്റെ പുരോഗതിക്കു വേണ്ടിയാണ് തീരുമാനം എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്.

കശ്മീരിന്‍റെ പ്രത്യേക അധികാരം റദ്ദാക്കിയതിന് പിന്നാലെ വലിയ നിയന്ത്രണങ്ങളാണ് ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്. പ്രദേശത്തെ വാര്‍ത്തവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ടു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ല, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള തുടങ്ങി നിരവധി നേതാക്കളെ സര്‍ക്കാര്‍ തടവിലാക്കി. ചിലരെ വിട്ടയച്ചുവെങ്കിലും മുന്‍മുഖ്യമന്ത്രിമാര്‍ അടക്കമുള്ള പലരും ഇപ്പോഴും തടവിലാണ്. ജമ്മുകശ്മീരിലും രാജ്യത്തിന്‍റെ തന്ത്രപ്രധാനമേഖലകളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top