വെടിനിർത്തൽ കരാർ ലംഘിച്ചു; പാക്കിസ്ഥാനെ ബൊഫേഴ്‌സ് ഉപയോഗിച്ച് തിരിച്ചടിച്ച് ഇന്ത്യ

ശ്രീനഗര്‍: ഭീഷണി മുന്നറിയിപ്പുകള്‍ക്കു പിന്നാലെ ജമ്മു-കശ്മീരില്‍ നിയന്ത്രണ രേഖയുടെ സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. അതിര്‍ത്തി വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീമിനെ(ബാറ്റ്) ബൊഫേഴ്‌സ് പീരങ്കികള്‍ ഉപയോഗിച്ചാണ് ഇന്ത്യ പ്രതിരോധിച്ചത്.

മികച്ച പരിശീലനം ലഭിച്ച കമാന്‍ഡോകളെയാണ് പാക്കിസ്ഥാന്‍ ഈ ഓപ്പറേഷന് ഉപയോഗിച്ചതെങ്കിലും ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാന്‍ പിന്‍വലിയുകയായിരുന്നു.

പ്രതിരോധത്തിന് ബൊഫേഴ്‌സ് പീരങ്കികള്‍ സാധാരണയായി ഇന്ത്യ ഉപയോഗിക്കാറുള്ളതല്ല. 155 എം.എം നിറകളാണ് ബൊഫേഴ്‌സ് പീരങ്കിയില്‍ ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ അഞ്ച് തവണയാണ് നിയന്ത്രണ രേഖയില്‍ അതിക്രമിച്ച് കയറാനും ആക്രമണം നടത്താനും ശ്രമം ഉണ്ടായത്.

ജൂലൈ 31 രാത്രിയും, ആഗസ്റ്റ് 1 പുലര്‍ച്ചെയുമായിരുന്നു കശ്മീരിലെ കേരന്‍ സെക്ടറില്‍ വെച്ച് ഇന്ത്യയ്ക്ക് നേരെ പാക്കിസ്ഥാന്‍ ആക്രമണം നടത്തിയത്. കശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാക്കിസ്ഥാന്‍ ആക്രമണം നടത്തിയിരുന്നു.

ഏറ്റുമുട്ടലില്‍ ‘ബാറ്റ്’ കമാന്‍ഡോകളില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. കൊല്ലപ്പെട്ട പാക്ക് സൈനികരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ഇന്ത്യന്‍ സൈന്യം പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. വെളുത്ത പതാകയുമായി സമീപിക്കുവാനും അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹങ്ങള്‍ ഏറ്റെടുക്കാനുമാണ് പാക്ക് സൈന്യത്തോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ നിര്‍ദേശത്തോട് പാക്ക് സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.

കശ്മീരില്‍, ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരികളും തീര്‍ത്ഥാടകരും കശ്മീര്‍ വിടണമെന്ന് മുന്നറിയിപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാക്ക് തീവ്രവാദികള്‍ അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ടിരുന്നതായും കശ്മീരില്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കിയത് പാക്ക് സൈന്യമാണെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top