പൂഞ്ചില്‍ മരിച്ച യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ സര്‍ക്കാര്‍

ശ്രീനഗര്‍: കശ്മീരിലെ പൂഞ്ചിലെ ഭീകരാക്രമണത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 3 യുവാക്കളുടെ കുടുംബത്തിന് നഷ്ടപരിഹാരവും ജോലിയും പ്രഖ്യാപിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം. ശനിയാഴ്ചയാണ് ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം എത്തുന്നത്. വ്യാഴാഴ്ച ഭീകരാക്രമണം നടന്ന പ്രദേശത്തായിരുന്നു മൂന്ന് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാക്കള്‍ സേനാ ക്യാംപിലെ കസ്റ്റഡി പീഡനത്തിനിടയില്‍ കൊല്ലപ്പെട്ടതാണെന്ന് ഇവരുടെ കുടുംബവും രാഷ്ട്രീയ പാര്‍ട്ടികളും ഗുരുതര ആരോപണം ഉയര്‍ത്തുന്നതിനിടെയാണ് സര്‍ക്കാര്‍ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം.

മരിച്ച മൂന്ന് യുവാക്കളുടേയും സംസ്‌കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഇവരുടെ സ്വദേശമായ ടോപാ പിയര്‍ ഗ്രാമത്തില്‍ നടന്നു. ജമ്മു കശ്മീര്‍ ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍ ജാന്‍ഗിഡ്, പൂഞ്ച് ഡെപ്യൂട്ടി മജിസ്‌ട്രേറ്റ് ചൌധരി മൊഹമ്മദ് യാസിന്‍, പൊലീസ് സീനിയര്‍ സൂപ്രണ്ട് വിനയ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. 44 കാരനായ സഫീര്‍ ഹുസൈന്‍, 22 കാരനായ ഷൌക്കത്ത് അലി, 32കാരനായ ഷാബിര്‍ ഹുസൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സേനാ ക്യാംപില്‍ വച്ച് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച രാവിലെയാണ് യുവാക്കളുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.

എന്നാല്‍ വെള്ളിയാഴ്ച രാവിലെ 9.30ഓടെ സേനാ ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ നിന്ന് 9 പേരെ അവരുടെ വീട്ടില്‍ നിന്ന് പിടിച്ച് കൊണ്ടുപോയതാണെന്നും ഇവരെ ക്യാംപിനുള്ളില്‍ വച്ച് മര്‍ദ്ദിച്ചതായുമാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭീകരസംഘവുമായി മരിച്ച യുവാക്കള്‍ക്കുള്ള ബന്ധം തെളിയിക്കുന്ന തെളിവ് നല്‍കണമെന്നാണ് കുടുംബാംഗങ്ങള്‍ ആവശ്യപ്പെടുന്നത്. ആസിഡ്, മുളക് പൊടി എന്നിവ ശരീരത്തില്‍ ഇടുകയും വെള്ളം നിറച്ച ടാങ്കുകളില്‍ ഇട്ട് ഷോക്ക് അടിപ്പിച്ചതടക്കം ക്രൂരമായ പീഡനം യുവാക്കളുടെ മേല്‍ നടന്നതായാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എല്ലാ വിധ മൂന്നാം മുറ പ്രയോഗങ്ങള്‍ക്കും ഇരയായതാണ് യുവാക്കളുടെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്ന ഗുരുതര ആരോപണം.

Top