പൂഞ്ചിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് ജമ്മുകശ്മീര്‍ ഭരണകൂടം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ കഴിഞ്ഞ ദിവസം അഞ്ച് സൈനികർ വീരമൃത്യു വരിച്ച ഏറ്റുമുട്ടലിനു പിന്നാലെ മൂന്നുപേരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സൈന്യം കസ്റ്റഡിയിലെടുത്തതിനു ശേഷമാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മരണത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വിവിധ പാര്‍ട്ടികള്‍ ശനിയാഴ്ച ജമ്മു കശ്മീരില്‍ പ്രതിഷേധം സംഘടിപ്പിച്ചു. മൂന്നുപേരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും ബന്ധുക്കള്‍ക്ക് ജോലിയും നല്‍കുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു.

വ്യാഴാഴ്ച അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ച ഗുജ്ജാര്‍ സമുദായത്തില്‍പ്പെട്ട പന്ത്രണ്ടിലധികം പുരുഷന്മാരെ ബഫ്‌ലിയാസ് മേഖലയില്‍നിന്ന് സൈന്യം കസ്റ്റഡിയില്‍ എടുത്തെന്നാണ് ആരോപണം. ഇവരെ ചോദ്യംചെയ്യലിനായി സമീപത്തെ മിലിട്ടറി സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. വൈകുന്നേരമാണ് സഫീര്‍ ഹുസൈന്‍ (43), മുഹമ്മദ് ഷൗക്കത്ത് (27), ഷബീര്‍ അഹമ്മദ് (32) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച സൈനികരുടെ വാഹനത്തിന് നേര്‍ക്ക് ഭീകരാക്രമണം നടന്ന സ്ഥലത്തിന് സമീപത്തായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യാന്‍ വേറെ ഏഴോളം പേരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. പരിക്കേറ്റ ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്നും വിഷയത്തില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.

മരണത്തിന് പിന്നാലെ പൂഞ്ച്, രജോരി ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. പ്രതിഷേധങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബഫ്‌ലിയാസിലും സുരാന്‍കോട്ടിലും പോലീസിനെയും അര്‍ധസൈനികവിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. ബഫ്‌ലിയാസിലേക്കുള്ള വഴികള്‍ അടച്ചിട്ടുമുണ്ട്.

Top