ആയുധങ്ങളുമായി മുങ്ങിയ പോലീസുകാരൻ ഹിസ്ബുൾ മുജാഹിദ്ദിനിൽ ചേർന്നു

കശ്മീർ: കശ്മീരിലെ പോലീസ് സ്റ്റേഷനിൽ നിന്നു ആയുധങ്ങളുമായി മുങ്ങിയ പോലീസുകാരൻ ഭീകരഗ്രൂപ്പായ ഹിസ്ബുൾ മുജാഹിദ്ദിനിൽ ചേർന്നു.

ബുദ്ഗാമിലെ പോലീസ് പോസ്റ്റിൽ നിന്നു സ്വന്തമാക്കിയ നാല് സർവീസ് റിവോൾവറുകളുമായി സയീദ് നവീദ് മുഷ്താഖ് എന്ന പോലീസുകാരനാണു കടന്നത്.

ബുദ്ഗാമിലെ ചന്ദപോറയിൽ എഫ്സിഐയുടെ സംഭരണകേന്ദ്രത്തിൽ കാവൽജോലിക്കു നിയോഗിക്കപ്പെട്ടിരുന്ന ഇയാൾ ശനിയാഴ്ചയാണു മുങ്ങിയത്.

ഇയാൾ ഭീകരസംഘടനയ്ക്ക് ഒപ്പംചേർന്നെന്ന് രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു. ജമ്മു-കശ്മീർ പോലീസിൽ നിന്ന് ആയുധങ്ങൾ കൈക്കലാക്കി ഭീകരർക്കൊപ്പം ചേരുന്ന സംഭവങ്ങൾ ഇതിനും മുമ്പും ഉണ്ടായിട്ടുണ്ട്.

പുൽവാമ സ്വദേശിയായ നസീർ അഹമ്മദ് പണ്ഡിറ്റ് എന്ന കോണ്‍സ്റ്റബിൾ രണ്ട് എകെ 47 റൈഫിളുകളുമായി 2015-ൽ മുങ്ങിയിരുന്നു.

പിഡിപി മന്ത്രി അൽതാഫ് ബുഖാരിയുടെ വസതിയിൽ നിന്നാണ് ഇയാൾ മുങ്ങിയത്. മാത്രമല്ല, 2016 ഏപ്രിലിൽ ഷോപിയാൻ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ നസീർ അഹമ്മദ് പണ്ഡിറ്റ് കൊല്ലപ്പെടുകയും ചെയ്തു.

Top