ജമ്മു-കശ്മീർ ;കേരളത്തിലും അതീവ ജാഗ്രതാ നിർദ്ദേശം

bahra

തിരുവനന്തപുരം: ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതീവജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി.

ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക് ഇടയാകുന്ന തരത്തിലുള്ള യാതൊരു നടപടികളും അനുവദിക്കരുതെന്നും വിവിധ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ച് നടപടി സ്വീകരിക്കാനും അദ്ദേഹം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ തീരുമാനത്തിലൂടെ രണ്ടാം മോദിസര്‍ക്കാര്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കേന്ദ്രം ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയത് കൃത്യമായ ആസൂത്രണത്തിനൊടുവിലാണ്. നീക്കത്തിന് ചുക്കാന്‍ പിടിച്ചത് സര്‍ക്കാരിലെ ത്രിമൂര്‍ത്തികളായ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരാണ്.

പാര്‍ലമെന്റില്‍ ബില്‍ എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്നേ ഇതു സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ നടന്നിരുന്നു. അമര്‍നാഥ് തീര്‍ത്ഥാടനം തത്കാലത്തേയ്ക്ക് നിര്‍ത്തി വെച്ചതായും സുരക്ഷാ ഭീഷണി കണക്കിലെടുത്ത് തീര്‍ത്ഥാടകരും വിനോദ സഞ്ചാരികളും എത്രയും പെട്ടെന്ന് താഴ്വര വിട്ട് പോകണമെന്ന് മുന്നറിയിപ്പു നല്‍കിയതും കഴിഞ്ഞ ദിവസങ്ങളിലായിരുന്നു.

കശ്മീരിലേയ്ക്ക് 8000 അര്‍ധസൈനികരെ കൂടി വിന്യസിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുകയാണ്. ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്ന് എണ്ണായിരത്തോളം അര്‍ധസൈനികരെയാണ് അടിയന്തരമായി കശ്മീര്‍ താഴ്വരയില്‍ വിന്യസിപ്പിക്കാന്‍ കൊണ്ടുപോയത്. ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.

അനുച്ഛേദം 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ഇന്നലെ രാത്രിയില്‍ കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച 25,000 സൈനികരെ കശ്മീര്‍ താഴ്വരയില്‍ വിന്യസിപ്പിച്ചിരുന്നു.

അതിന് ഒരാഴ്ച മുമ്പും 100 കമ്പനി സൈനികരെ കേന്ദ്രം വിന്യസിപ്പിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ ജമ്മു-കശ്മീരില്‍ സന്ദര്‍ശനം നടത്തി മടങ്ങിയതിനു പിന്നാലെയാണ് കേന്ദ്രം സൈനിക വിന്യാസം ആരംഭിച്ചത്. യാത്രയുടെ സുരക്ഷയ്ക്കായി എത്തിച്ച നാല്‍പതിനായിരത്തോളം അര്‍ധസൈനികരെ മറ്റു ക്രമസമാധാന ചുമതല ഏല്‍പ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് സേനയ്ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം.

Top