ജമ്മു കശ്മീരില്‍ വഖഫ് അധ്യക്ഷയായി ബിജെപി നേതാവ് ദരക്ഷന്‍ ആന്‍ഡ്രാബി ചുമതലയേറ്റു

ജമ്മു കശ്മീര്‍: വഖഫ് അധ്യക്ഷയായി ബിജെപിയുടെ വനിത നേതാവ് സ്ഥാനമേറ്റു. ബിജെപിയുടെ ദേശീയ കൗണ്‍സില്‍ അംഗമായ ഡോ ദരക്ഷന്‍ ആന്‍ഡ്രാബിയാണ് ചുമതലയേറ്റത്. ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് ദരക്ഷന്‍ ആന്‍ഡ്രാബിയെ ഐക്യകണ്‌ഠേനെ തെരഞ്ഞെടുത്തത്. വഖഫ് ബോര്‍ഡിനെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് ഇവര്‍.

മത സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം നടപ്പിലാക്കാനുള്ള കാവി പാര്‍ട്ടിയുടെ അടുത്ത നടപടിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

തന്റെ ഉത്തരവാദിത്തത്തില്‍ മതസ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും നിര്‍മ്മാണവും പരിപാലനവും മാത്രമല്ല ഉള്‍പ്പെടുന്നതെന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം ദരക്ഷന്‍ ആന്‍ഡ്രാബി പ്രതികരിച്ചു.

‘നാരായണ ഹോസ്പിറ്റല്‍, ശ്രീ മാതാ വൈഷ്‌ണോ ദേവി യൂണിവേഴ്‌സിറ്റി എന്നിവയെ പോലെ സ്‌കൂളുകള്‍, സര്‍വ്വകലാശാലകള്‍, ആശുപത്രികള്‍ എന്നിവ നിര്‍മ്മിക്കും. നിറമോ മതമോ വംശമോ നോക്കാതെ എല്ലാ ആളുകള്‍ക്കും പ്രയോജനകരമാവുന്ന രീതിയിലായിരിക്കും വഖഫ് ബോര്‍ഡിന്റെ പ്രവര്‍ത്തനമെന്നും’ അവര്‍ പറഞ്ഞു.

‘പുതിയ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ വാക്കുകളേക്കാള്‍ ഉച്ചത്തിലുള്ളതായിരിക്കും. കുറച്ച് കഴിഞ്ഞാല്‍ ആളുകള്‍ക്ക് വ്യത്യാസം അനുഭവപ്പെടുമെന്നും’ ആന്‍ഡ്രാബി കൂട്ടിച്ചേര്‍ത്തു.

ആന്‍ഡ്രാബിയേയും മറ്റ് അംഗങ്ങളേയും രാജ്ഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അഭിനന്ദിച്ചു.

അതേസമയം, ആന്‍ഡ്രാബിയുടെ നിയമനത്തെ എതിര്‍ത്തുകൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. ജമ്മു കശ്മീരിലെ മതവിശ്വാസങ്ങളും ആചാരങ്ങളും നിയന്ത്രിക്കാന്‍ ബിജെപി അടുത്ത നടപടി സ്വീകരിക്കുന്നതിന്റെ ലക്ഷണമാണ് ആന്‍ഡ്രാബിയെ വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുത്തതിലൂടെ പുറത്തുവന്നതെന്നും പിഡിപി വക്താവും മുന്‍ എംഎല്‍എയുമായ ഫിര്‍ദൗസ് തക് വിമര്‍ശിച്ചു.

Top