നിരീക്ഷണം നാല് പ്രത്യേക ഗ്രൂപ്പുകളിലേക്ക് ചുരുക്കുന്നു; കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ്…

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ കടുത്ത നിയന്ത്രണങ്ങളിലൂടെയാണ് ഇത്രയും ദിവസം കടന്നുപോയ്‌ക്കൊണ്ടിരുന്നത്. ഇന്നലെ ചിലയിടങ്ങളിലെ ഇന്റെര്‍നെറ്റ് ബന്ധം പുനസ്ഥാപിച്ചു എങ്കിലും ഇപ്പോഴും പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലനില്‍ക്കുന്നത്.

സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സുരക്ഷ ഏജന്‍സികള്‍ കശ്മീരിലാകമാനം ഏര്‍പ്പെടുത്തിയ നിരീക്ഷണം ഇപ്പോള്‍ നാല് പ്രത്യേക ഗ്രൂപ്പുകളിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നവര്‍, കല്ലേറുകാരും അക്രമാസക്തരുമായ പ്രതിഷേധക്കാര്‍, നിരോധിച്ച തീവ്രവാദ സംഘടനകളിലെ അംഗങ്ങള്‍,മതനേതാക്കളെ പോലെ സമൂഹത്തില്‍ സ്വാധീനമുള്ള ആളുകള്‍ എന്നിങ്ങനെയുള്ള നാല് കൂട്ടം ആളുകളെയാണ് പ്രത്യേകമായി നിരീക്ഷിക്കുന്നത്.

ഇതില്‍ ചലനം സൃഷ്ടിക്കാന്‍ സാധിക്കുന്നവര്‍ എന്നറിയപ്പെടുന്ന ആദ്യത്തെ കൂട്ടര്‍ നിരുപദ്രവകാരികളായിട്ടാണ് കാണപ്പെടുന്നതെങ്കിലും ആക്രണത്തിന് പ്രേരിപ്പിക്കുന്നവരാണ്. ബുദ്ധിജീവികള്‍ക്കിടയിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും ഇവരുണ്ടെന്നാണ് ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ഹുറിയത്ത് നേതാക്കളേയും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

രണ്ടാമത്തെ സംഘം കല്ലേറുകാരും അക്രമാസക്തരായ പ്രതിഷേധക്കാരുമാണ്. ഇതില്‍ ഭൂരിഭാഗവും കൗമാരക്കാരും യുവാക്കളുമാണ്. ‘സമൂഹ ബന്ധനം’ എന്ന തന്ത്രമാണ് ഇവരെ ഒതുക്കാന്‍ സര്‍ക്കാര്‍ ഉപയോഗിക്കുക. സര്‍ക്കാര്‍ നിരീക്ഷണത്തിലുള്ളവരെ കണ്ടെത്തി ഇനി അക്രമസംഭവങ്ങളിലേര്‍പ്പെടില്ലെന്നുള്ള കരാറില്‍ പരിചയക്കാരെയും കുടുംബാംഗങ്ങളെയും കൊണ്ട് ഒപ്പ് രേഖപ്പെടുത്തുന്ന രീതിയാണ് ഇത്. സര്‍ക്കാര്‍ സംശയിക്കുന്ന ആളുകളുമായി അടുപ്പമുള്ളവരില്‍ നിന്നാണ് ഇത്തരത്തില്‍ ഒപ്പ് ശേഖരിക്കുക.

രാജ്യത്ത് നിരോധിച്ച തീവ്രവാദ സംഘടനകളിലെ അംഗങ്ങളാണ് അടുത്ത സംഘം. നിയന്ത്രണ രേഖയിലൂടെ പാക്കിസ്ഥാന്‍ കടത്തിവിടുന്ന തീവ്രവാദികളേയടക്കം ഇത്തരക്കാരെ സ്വതന്ത്രമായി നേരിടാന്‍ സൈന്യത്തിന് പൂര്‍ണ്ണ സ്വതന്ത്ര്യം നല്‍കും. പഞ്ചാബ്, കശ്മീര്‍ അതിര്‍ത്തികളിലെ സുരക്ഷയും സര്‍ക്കാര്‍ വിലയിരുത്തും.

മതനേതാക്കളെ പോലെ സമൂഹത്തില്‍ സ്വാധീനമുള്ള ആളുകളാണ് നാലാമത്തെ ഗ്രൂപ്പ്. അക്രമത്തിന് പ്രേരിപ്പിക്കുകയും അശാന്തി പടര്‍ത്തുകയും ചെയ്യുന്ന മതനേതാക്കളെ കണ്ടെത്തി സര്‍ക്കാര്‍ നിരീക്ഷിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ ഒട്ടും മയമില്ലാതെ നേരിടുകയും ഉടന്‍ അറസ്റ്റ് ചെയ്യുകയും ചെയ്യും.

Top