കശ്മീരില്‍ ഇനി മുതല്‍ സമാധാനവും വികസനവും കൈവരുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ആംആദ്മി പാര്‍ട്ടി. കശ്മീരില്‍ ഇനി മുതല്‍ സമാധാനവും വികസനവും കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം, കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനയുടെ അന്ത്യം കുറിച്ചെന്നാണ് ഗുലാം നബി ആസാദ് രാജ്യസഭയില്‍ പ്രതികരിച്ചത്. ഇന്ത്യയുടെ ഭരണഘടനയ്ക്ക് വേണ്ടിയാണ് തങ്ങള്‍ നില കൊണ്ടതെന്നും ജീവന്‍ പോലും ഭരണഘടനക്ക് വേണ്ടി നല്‍കാന്‍ തയ്യാറാണെന്നും അതിനാല്‍ ഭരണഘടനക്കെതിരായ സര്‍ക്കാര്‍ നീക്കത്തെ അപലപിക്കുന്നുവെന്നും ഗുലാം നബി ആസാദ് പ്രതികരിച്ചിരുന്നു.

ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. ഇത് രാജ്യത്ത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നീക്കം തീര്‍ത്തും ഏകപക്ഷീയമാണെന്നും അവര്‍ പറഞ്ഞിരുന്നു.

Top