സമരക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തത് 17കാരന്‍! ഞെട്ടിക്കുന്ന വിവരം പുറത്ത്

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം നടത്തിയവര്‍ക്കുനേരെ വെടിയുതിര്‍ത്തത് 17 വയസ്സ് മാത്രമുള്ള പ്ലസ് വിദ്യാര്‍ത്ഥിയെന്ന് വിവരം. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്നും പറഞ്ഞ് ബാഗുമെടുത്ത് രാവിലെ പുറപ്പെട്ടയാളാണ് സര്‍വകലാശാലയില്‍ തോക്കുമായെത്തി പൊലീസ് നോക്കി നില്‍ക്കെ ജാമിയ മിലിയ സര്‍വകലാശാല ക്യാമ്പസിന് മുന്നില്‍ സമരക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഉത്തര്‍പ്രദേശിലെ ജെവാറിലാണ് കൗമാരക്കാരന്‍ പഠിക്കുന്ന സ്‌കൂള്‍. എന്നാല്‍, സ്‌കൂളില്‍ പോകാതെ ജാക്കറ്റില്‍ തോക്ക് ഒളിപ്പിച്ച് സമര സ്ഥലത്തേക്ക് വരുകയായിരുന്നു. വരുന്നതിന് മുമ്പും ഡല്‍ഹിയിലെത്തി സമരക്കാരോടൊപ്പവും ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗ് നടത്തിയ ശേഷം പെട്ടെന്ന് ജാക്കറ്റില്‍ ഒളിപ്പിച്ച തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ ഷബഖ് ഫാറൂഖ് എന്നയാള്‍ക്കാണ് പരിക്കേറ്റത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്‍ കഴിഞ്ഞ നാല് ദിവസമായി കടുത്ത അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഇങ്ങനെയൊരു കൃത്യം വിദ്യാര്‍ത്ഥി ചെയ്തതിന്റെ ഞെട്ടലിലാണ് കുടുംബം. പ്രത്യക്ഷത്തില്‍ രാഷ്ട്രീയവുമായി ബന്ധമില്ലാത്ത വിദ്യാര്‍ത്ഥിയായിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു. എന്നാല്‍, സമീപ ദിവസങ്ങളിലായി ഫേസ്ബുക്കില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ പതിവായി പോസ്റ്റ് ചെയ്തിരുന്നു.

ഷഹീന്‍ബാഗിലെ സമരക്കാര്‍ക്ക് നേരെയും ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്റെ അവസാന യാത്രയില്‍ എന്നെ കാവി പുതപ്പിച്ച് ജയ് ശ്രീറാം മുഴക്കണമെന്നുവരെ 17കാരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പുകയില വില്‍പന സ്ഥാപനം നടത്തുകയാണ് 17കാരന്റെ അച്ഛന്‍. വ്യാഴാഴ്ചയായിരുന്നു ഏവരെയും ഞെട്ടിച്ച സംഭവം. ‘ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം’ എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.

Top