ജാമിയയിലെ പൊലീസ് നടപടി; യുവജനകമ്മീഷന്‍ കേന്ദ്രത്തിന് കത്തയച്ചു

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിമയത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ജാമിയ മിലിയ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ പൊലീസ് ആക്രമിച്ചിരുന്നു. ഡല്‍ഹി പൊലീസിന്റെ ഈ നടപടിക്കെതിരെ കേരള സംസ്ഥാന യുവജനകമ്മീഷന്‍ കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന് കത്തയച്ചു.

ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയില്‍  പൊലീസ് അനുവാദം കൂടാതെ പ്രവേശിക്കുകയും  മലയാളികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തിരുന്നു. ക്യാമ്പസിനുള്ളില്‍ നിന്നും നൂറിലധികം വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ കേരള സംസ്ഥാന യുവജനകമ്മീഷന്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തി.

ജനാധിപത്യ മാര്‍ഗത്തില്‍ നടത്തിയ പ്രതിഷേധം അടിച്ചമര്‍ത്തിയ പൊലീസ് നടപടിക്കെതിരെ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ഖേദം പ്രകടിപ്പിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മലയാളികളുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസില്‍ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കേന്ദ്രമാനവശേഷി വികസന മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Top