അയോധ്യ പുനഃപരിശോധനയില്‍ കല്ലുകടി; ജാമിയത്ത് ഉലമയ്ക്കായി രാജീവ് ധവാന്‍ തന്നെ എത്തും

തുടക്കത്തില്‍ തന്നെ കല്ലുകടിയായി അയോധ്യ പുനഃപ്പരിശോധന. വിധിക്കെതിരെ പുനഃപരിശോധന ഫയല്‍ ചെയ്യുമെന്ന് പ്രഖ്യാപിച്ച ജാമിയ ഉലമ ഇഹിന്ദിന്റെ അഭിഭാഷകനായി കേസില്‍ ഹാജരായ രാജീവ് ധവാനെ ഒഴിവാക്കിയെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരുത്തുമായി മുംബൈ ആസ്ഥാനമായ ജാമിയത്ത് രംഗത്ത് വന്നത്. രാജീവ് ധവാന്‍ തന്നെയാകും തങ്ങളുടെ അഭിഭാഷകനെന്ന വാര്‍ത്താക്കുറിപ്പാണ് ജാമിയത്ത് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ജാമിയത്ത് നിയമ മേധാവി ഗുല്‍സാര്‍ അഹമ്മദ് അസ്മി ഒപ്പുവെച്ച വാര്‍ത്താക്കുറിപ്പാണ് പങ്കുവെച്ചിരിക്കുന്നത്. തെറ്റിദ്ധാരണ മൂലമാണ് രാജീവ് ധവാനെ മാറ്റിയതായി പ്രഖ്യാപിക്കാന്‍ ഇടയാക്കിയതെന്നും, അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് ഇജാസ് മഖ്ബൂല്‍ ഹര്‍ജി നല്‍കുകയും, ധവാന്‍ വാദങ്ങള്‍ നടത്തുകയും ചെയ്യുമെന്നും ജാമിയത്ത് വ്യക്തമാക്കി. ആശയക്കുഴപ്പത്തിന് മാപ്പ് പറയാനും അവര്‍ തയ്യാറായി.

രാമജന്മഭൂമിബാബറി മസ്ജിദ് തര്‍ക്കവിഷയത്തില്‍ സുപ്രീംകോടതിയില്‍ മുസ്ലീം കക്ഷികളെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ തന്നെ കേസില്‍ നിന്നും പുറത്താക്കിയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേസില്‍ ഒഴിവാക്കിയതോടെ ഔദ്യോഗികമായി കത്തയച്ചെന്നും, ഇനി പുനഃപ്പരിശോധനയില്‍ ഉണ്ടാകില്ലെന്നും ധവാന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി ഉത്തരവിനെതിരെ ജാമിയത്ത് ഉലമ ഇഹിന്ദ് പുനഃപ്പരിശോധന ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

രാമന്റെ ജന്മസ്ഥലമായി ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ഇടത്താണ് ബാബറി മസ്ജിദ് നിലനിന്നത്. ഈ സ്ഥലം രാമക്ഷേത്രത്തിന് നല്‍കാനാണ് കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ജാമിയത്ത് ഉലമയും, മുസ്ലീം വ്യക്തിനിയമ ബോര്‍ഡും പുനഃപ്പരിശോധനയ്ക്ക് ഒരുങ്ങുകയാണ്.

Top