ക്യാമ്പസില്‍ സമ്മേളനങ്ങള്‍ വേണ്ട, കുട്ടികള്‍ ശാന്തരാകുക; ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം

കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നതു മുതല്‍ കലുഷിതമായിരിക്കുകയാണ് ഡല്‍ഹിയിലെ ജാമിയ മിലിയ സര്‍വ്വകലാശാല. ക്യാമ്പസില്‍ പ്രതിഷേധം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ക്യാമ്പസിനുള്ളില്‍ പ്രതിഷേധങ്ങള്‍ നടത്തരുതെന്ന് അറിയിച്ചിരിക്കുകയാണ് ജാമിയ അധികൃതര്‍.
വിദ്യാര്‍ത്ഥികള്‍ അച്ചടക്കം പാലിക്കണമെന്നും പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

മാത്രമല്ല ക്യാമ്പസില്‍ ഏതെങ്കിലും രീതിയിലുള്ള പ്രതിഷേധ സമ്മേളനങ്ങള്‍, പ്രക്ഷോഭങ്ങള്‍, വിദ്വേഷ പ്രസംഗങ്ങള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കല്‍ എന്നിവ ചെയ്യരുതെന്നും രജിസ്ട്രാര്‍ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തില്‍ പറയുന്നു. ഇതിന് പുറമെ കുട്ടികള്‍ പരീക്ഷകളുടെയും ക്ലാസുകളുടെയും സുഗമമായ നടത്തിപ്പിന് സഹകരിക്കണമെന്നും ക്യാമ്പസിന് പുറത്തു നിന്നുള്ളവര്‍ ക്യാമ്പസില്‍ അനധികൃതമായി പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ വെടിവെപ്പ് ഉണ്ടാകുകയും ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top