ജാമിയ വെടിവെയ്പ്പ്;അക്രമിക്ക് തോക്കുകിട്ടിയത് 10000രൂപയ്ക്ക്,നല്‍കിയാളെ തിരിച്ചറിഞ്ഞു: പൊലീസ്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയയില്‍ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന് തോക്കും രണ്ട് വെടിയുണ്ടകളും ലഭിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നെന്ന് പൊലീസ്. 10000 രൂപ മുടക്കിയാണ് 17കാരന്‍ തോക്കും വെടിയുണ്ടയും വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി.

17കാരന് തോക്കിനൊപ്പം രണ്ട് വെടിയുണ്ടകളാണ് നല്‍കിയത്. ഒരു തവണ മാത്രം വെടിയുതിര്‍ത്ത ഇയാളില്‍ നിന്ന് ബാക്കിവന്ന ഒരു വെടിയുണ്ട പൊലീസ് പിടിച്ചെടുത്തു. ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനാണെന്നാണ് പറഞ്ഞാണ് ഇയാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്ന് തോക്ക് വാങ്ങിയത്.

”തോക്ക് നല്‍കിയയാളെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇയാളെ പരിചയപ്പെടുത്തിയ സുഹൃത്തിനെയും കണ്ടെത്തിയിട്ടുണ്ട്. ഉചിതമായ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുക്കും” – പൊലീസ് പറഞ്ഞു.

അതേസമയം, ഡല്‍ഹി പൊലീസ് ഇതുവരെ തങ്ങളോട് വെടിവച്ചയാളെക്കുറിച്ചുള്ള വിവരം ആവശ്യപ്പെട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് ഗൗതം ബുദ്ധ നഗര്‍ അഡീഷണല്‍ കമ്മീഷണര്‍ ഓഫ് പൊലീസ് ശ്രീപര്‍ണ ഗോംഗുലി പറഞ്ഞു.

സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അക്രമി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്‌കൂളിലേക്ക് പോകുന്നതിന് പകരം ഇയാള്‍ ഡല്‍ഹിയിലേയ്ക്ക് ബസ് കയറുകയായിരുന്നു. ജാമിയയിലെത്തിയ ഇയാള്‍ കണ്ടത് പ്രതിഷേധക്കാരെയാണ്. ഒരു മണിക്കൂറിന് ശേഷം ഇയാള്‍ ഫെയ്‌സ് ബുക്ക് ലൈവില്‍ വരികയും തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.

ഇയാളുടെ വെടിയേറ്റ് ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മാധ്യമപ്രവര്‍ത്തകരും പൊലീസും നോക്കി നില്‍ക്കെയായിരുന്നു വെടിവയ്പ്പ്. ‘അവന്റെ നടപടിയില്‍ അവന് യാതൊരു കുറ്റബോധവുമില്ല’ എന്ന് പൊലീസ് വ്യക്തമാക്കി. ഫെയ്‌സ് ബുക്കിലും വാട്‌സ് ആപ്പിലും വരുന്ന വീഡിയോകളാണ് ഇയാളെ സ്വാധീനിച്ചതെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി.

Top