പൗരത്വ ഭേദഗതി നിയമം: പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഡിവൈഎഫ്ഐ

ന്യൂഡല്‍ഹി: ഡല്‍ഹി ജാമിയ നഗറില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന ജനകീയ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഐക്യദാര്‍ഢ്യം അറിയിച്ചു. ജാമിയ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരവേദിയിലെത്തി റിയാസ് പ്രതിഷേധക്കാരെ അഭിവാദ്യം ചെയ്തു.

പ്രതിഷേധക്കാരെ അതിക്രൂരമായാണ് ഡല്‍ഹി പൊലീസ് നേരിടുന്നതെന്ന് റിയാസ് പറഞ്ഞു. പ്രതിഷേധങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ശുശ്രൂഷ ഉറപ്പാക്കുന്നതിന് ഡിവൈഎഫ്‌ഐ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായി റിയാസ് പ്രവര്‍ത്തിച്ചു.പ്രതിഷേധക്കാര്‍ മതിയായ വൈദ്യസഹായം കിട്ടാതെ ചോരയൊലിപ്പിച്ച് തെരുവില്‍ കിടക്കുന്ന സ്ഥിതിയുണ്ടായതോടെയാണ് ഡിവൈഎഫ്ഐ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങിയതെന്ന് റിയാസ് പറഞ്ഞു.


പരിക്കേറ്റവരെ ചികിത്സിക്കാനായി എയിംസ് അടക്കമുള്ള ആശുപത്രികളിലെ ഡോക്ടര്‍മാരും നഴ്‌സുമാരുമടങ്ങുന്ന മൂന്ന് സംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ജാമിയ നഗര്‍, കൊണാട്ട്പ്ലേസ്, നിസാമുദ്ദീന്‍, കാളിന്ദികുഞ്ച് തുടങ്ങി നഗരത്തിന്റെ വിവിധ മേഖലളില്‍ മെഡിക്കല്‍ സംഘം നിരവധിപ്പേര്‍ക്ക് ചികിത്സ ഉറപ്പാക്കി.

Top