ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാര്‍ ജയില്‍ മോചിതയായി

ന്യൂഡല്‍ഹി: രണ്ടരമാസത്തെ ജയില്‍വാസത്തിന് ശേഷം ജാമിഅ മില്ലിയ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാര്‍ ജയില്‍ മോചിതയായി. ഇന്നലെയാണ് സഫൂര്‍ സര്‍ഗാറിന് ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

ഡല്‍ഹിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ വിചാരണക്കോടതിയുടെ അനുമതി വാങ്ങണം, 15 ദിവസത്തിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസിലെ സ്പെഷല്‍ സെല്‍ സഫൂറയെ അറസ്റ്റു ചെയ്തത്.

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങിയതിനാണ് ജാമിഅ മില്ലിയ സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയായ സഫൂറ സര്‍ഗാറിനെ അറസ്റ്റു ചെയ്യുന്നത്. ഏപ്രില്‍ പത്തിനാണ് 27കാരിയും അന്ന് മൂന്ന് മാസം ഗര്‍ഭിണിയുമായിരുന്ന സഫൂറയെ യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചത്.

നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് കഴിഞ്ഞിരുന്നത്. ജാമിയ കോര്‍ഡിനേഷന്‍ കമ്മറ്റിയിലെ മീഡിയ കോര്‍ഡിനേറ്ററായിരുന്നു സഫൂറ സര്‍ഗാര്‍. സഫൂറയുടെ ജാമ്യാപേക്ഷ ജൂണ്‍ നാലിന് വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതയായത്.

Top