പൊലീസ് വെടിവെയ്പിന് തെളിവുണ്ട്; മെഡിക്കല്‍ റിപ്പോര്‍ട്ടുമായി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജാമിയ മിലിയ സര്‍വകാലാശാലയില്‍ നടന്ന
സംഘര്‍ഷത്തില്‍ വിദ്യാര്‍ഥിക്ക് വെടിയേറ്റതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ പൊലീസ് വെടിവയ്പ്പിന് തെളിവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരിക്കുകയാണ്.

ചികിത്സയിലുള്ള മുഹമ്മദ് തമീന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് വിദ്യാത്ഥികള്‍ പുറത്ത് വിട്ടത്. മുഹമ്മദ് തമീനിന് ഇടത് കാലില്‍ വെടിയേറ്റതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

തമീന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തയാളായിരുന്നില്ലെന്നും അതുവഴി പോയത് മാത്രമായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. താന്‍ പ്രതിഷേധ സംഘത്തിലുള്ളയാളല്ലെന്ന് പറഞ്ഞിട്ടും പൊലീസ് തമീന് നേരെ വെടിവെയ്ക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കി.

എന്നാല്‍ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റത് വെടിവെപ്പിനെത്തുടര്‍ന്നെന്ന വാദം തള്ളി ആശുപത്രി അധികൃതരും, ജാമിയയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവെച്ചിട്ടില്ലെന്ന വാദവുമായി ആഭ്യന്തര മന്ത്രാലയവും രംഗത്തെത്തി. എന്നാല്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റത് വെടിയുണ്ട കൊണ്ടല്ലെന്നാണ് ഡല്‍ഹി ഹോളി ഫാമിലി ആശുപത്രി ഡയറക്ടര്‍ വ്യക്തമാക്കിയത്. വെടിയേറ്റതെന്ന് രോഗി പറഞ്ഞതാണ്. അതാണ് ഡിസ്ചാര്‍ജ് സമ്മറിയില്‍ ഉള്‍പ്പെടുത്തിയത്. പരിശോധനയില്‍ ഇത് ശരിയല്ലെന്ന് തെളിഞ്ഞതായും ആശുപത്രി ഡയറക്ടര്‍ ഡോ പിഎ ജോര്‍ജ് വ്യക്തമാക്കി.

Top