ഡല്‍ഹിയില്‍ പ്രതിഷേധം കത്തുന്നു ; സ്ഥിതി നിയന്ത്രിക്കാൻ ഇടപെടണമെന്ന് ലഫ്. ഗവർണറോട് കെജ്‍രിവാൾ

ന്യൂഡല്‍ഹി : പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കത്തുന്ന ഡല്‍ഹി ജാമിയ നഗറില്‍ വന്‍ സംഘര്‍ഷാവസ്ഥ. പ്രദേശത്തെ മെട്രോ സര്‍വീസും താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സുഖദേവ് വിഹാർ, ജാമിയ മിലിയ ഇസ്ലാമിയ, ഒഖ്ല വിഹാർ, ഷഹീൻ ബാഘ് സ്റ്റേഷനുകളാണ് അടച്ചത്.

പൊലീസ് ക്യാമ്പസിനുള്ളില്‍ അടക്കം കടന്നുകൂടി. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പൊലീസിന്‍റെ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും രംഗത്തെത്തി. പ്രദേശത്ത് വാഹനങ്ങള്‍ അടിച്ച് തകര്‍ക്കുകയും, ബസുകള്‍ കത്തിക്കുകയും ചെയ്തു. എന്നാല്‍ തീയിട്ടത് പൊലീസ് തന്നെയാണെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

ആയിരങ്ങൾ പങ്കെടുത്ത പ്രതിഷേധ മാർച്ചിലേക്ക് പൊലീസ് ലാത്തി വീശുകയായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്.

പൊലീസ് ക്യാമ്പസിൽ അനുവാദം ഇല്ലാതെയാണ് പ്രവേശിച്ചതെന്നും വിദ്യാർത്ഥികളെയും ജീവനക്കാരെയും പൊലീസ് മർദ്ദിച്ചെന്നും സർവകലാശാല ചീഫ് പ്രോക്ടർ വസീം അഹമദ് ഖാന്‍ അറിയിച്ചു.

അതേസമയം സ്ഥിതി ശാന്തമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ഡല്‍ഹി ലഫ്. ഗവർണ്ണറോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വ്യക്തമാക്കി. പ്രതിഷേധം ആക്രമണം എന്ന നിലയിലേക്ക് മാറാതിരിക്കാനുള്ള സാധ്യമായ നടപടികൾ എല്ലാം സ്വീകരിക്കുമെന്നും അക്രമകാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top