ജാമിയ വെടിവെയ്പ്; ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ച സമരക്കാരെ ഒഴിപ്പിച്ചു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലയ വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെയുണ്ടായ വെടിവെപ്പില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനം ഉപരോധിച്ച സമരക്കാരെ പൊലീസ് ഒഴിപ്പിച്ചു. ഇന്നലെ രാത്രി മുതല്‍ ഐറ്റിഒയിലെ പൊലീസ് ആസ്ഥാനം സമരക്കാര്‍ ഉപരോധിച്ചിരുന്നു. പ്രധാന പാതയില്‍ മണിക്കൂറുകളായി ഗതാഗത തടസ്സം ഉണ്ടായത് കൊണ്ടാണ് നടപടിയെന്ന് പൊലീസ് വിശദീകരിച്ചു.

അതേസമയം വെടിവെയ്പില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ഡല്‍ഹി എംയിസില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമി വെടിയുതിര്‍ത്ത സംഭവം അന്വേഷിക്കുന്നത്.

അതേസമയം സമരം നടത്തിയവര്‍ക്കുനേരെ വെടിയുതിര്‍ത്തത് 17 വയസ്സ് മാത്രമുള്ള പ്ലസ് വിദ്യാര്‍ത്ഥിയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.

വ്യാഴാഴ്ചയായിരുന്നു സംഭവം. ‘ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം’ എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. പിടിയിലായ അക്രമിക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Top