‘അവന് ഒരു കുറ്റബോധവുമില്ല’; ജാമിയ സംഭവത്തിന് പിന്നാലെ പൊലീസ് ഭാഷ്യം ഇങ്ങനെ

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിലേക്ക് വെടിയുതിര്‍ത്ത 17കാരന് കുറ്റബോധമില്ലെന്ന് പൊലീസ്. സോഷ്യല്‍മീഡിയയിലെ വീഡിയോകള്‍ പ്രതിയെ സ്വാധീനിച്ചെന്ന് പൊലീസ് വ്യക്തമാക്കിയതായി എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഷഹീന്‍ ബാഗില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഇയാള്‍ ശ്രമിക്കുന്നതെന്നും ഇയാള്‍ക്ക് പിന്നില്‍ ഒരു സംഘടന ഉണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇവിടെ ഒരു മാസത്തോളമായി പ്രതിഷേധിക്കുന്നത്.

സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അക്രമി വീട്ടില്‍ നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്‌കൂളിലേക്ക് പോകുന്നതിന് പകരം ഇയാള്‍ ഡല്‍ഹിയിലേക്ക് ബസ് കയറുകയും നിശ്ചയിച്ച പദ്ധതി പ്രകാരം സുഹൃത്തില്‍ നിന്ന് തോക്ക് വാങ്ങി അക്രമം നടത്തുകയുമായിരുന്നു.

”അയാള്‍ക്ക് ഷഹീന്‍ ബാഗിലേക്കുള്ള വഴിയറിയില്ലായിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ അയാളെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് സമീപം എത്തിച്ചു. റോഡ് അടച്ചതിനാല്‍ ഷഹീന്‍ ബാഗിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചു. നടന്നുപോകാനും പറഞ്ഞു.” – ഇതാണ് പൊലീസ് പറയുന്നത്.

ജാമിയയിലെത്തിയ ഇയാള്‍ ഫെയ്‌സ് ബുക്ക് ലൈവില്‍ വരുകയും തന്റെ അന്ത്യയാത്രയില്‍ കാവിപുതപ്പിക്കണമെന്നും ജയ് ശ്രീറാം മുഴക്കണമെന്നും പറഞ്ഞു. മാത്രമല്ല ‘ഷഹീന്‍ ബാഗ് ഗെയിം അവസാനിക്കുന്നു’ എന്നും മറ്റൊരു പോസ്റ്റില്‍ ഭീഷണിമുഴക്കുന്നുമുണ്ട്. ശേഷം പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം പൊലീസ് നേക്കി നില്‍ക്കെയായിരുന്നു വെടിവയ്പ്പ് നടന്നത്. തോക്കുമായി പാഞ്ഞടുത്ത ഇയാളെ തടയാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല.

Top