പ്രപഞ്ച രഹസ്യം തേടി സ്പേസ് ടെലിസ്‌കോപ് ഭീമന്‍ ജെയിംസ് വെബ് സഞ്ചാരം തുടങ്ങി

ന്യൂയോര്‍ക്ക്: പ്രപഞ്ച രഹസ്യം തേടിയുള്ള ജെയിംസ് വെബ് ടെലിസ്‌കോപ്പ് വിക്ഷേപിച്ചു. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ ഗയാന സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം.

മനുഷ്യനിര്‍മ്മിതമായ ഏറ്റവും വലിയ സ്പേസ് ടെലിസ്‌കോപാണ് ജയിംസ് വെബ് ടെലിസ്‌കോപ്. ആരിയാനെ 5 ന്റെ ചിറകിലേറിയാണ് ജെയിംസ് വെബ് യാത്രയായത്.

നക്ഷത്ര സമൂഹങ്ങളെക്കുറിച്ചുള്ള പഠനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. ദൗത്യം പൂര്‍ത്തിയാക്കാനെടുത്തത് 30 വര്‍ഷമാണ്. ആകെ ചെലവ് 75,000 കോടി രൂപയാണ്. നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, സിഎസിഎ എന്നിവയുടെ സംയുക്ത ദൗത്യമാണ് വിജയിച്ചത്.

വിക്ഷേപണത്തിന് ശേഷമുള്ള അടുത്ത 30 മിനിറ്റുകള്‍ നിര്‍ണായകമാണ്. 27 ആം മിനിറ്റില്‍ ആരിയാനെ 5 ജെയിംസ് വെബുമായുള്ള ബന്ധം വിച്ഛേദിക്കും. ഇതോടെ ജെയിംസ് വെബിനിലെ സോളാര്‍ പാനലുകള്‍ നിവര്‍ത്തും. പിന്നെ ജെയിംസ് വെബിന്റെ ഒറ്റയ്ക്കുള്ള സഞ്ചാരമാണ്. ഇതു സംബന്ധിച്ച വിവരങ്ങള്‍ കെനിയയിലെ മലിറ്ററി കേന്ദ്രത്തില്‍ ലഭിക്കും.

ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള എല്‍2 ഭ്രമണപഥത്തിലേക്കാണ് ജെയിംസ് വെബിനെ അയക്കുന്നത്. അവിടെ എത്താന്‍ ഒരു മാസമെടുക്കും. ഏറെ സങ്കീര്‍ണമാണ് ഈ വിക്ഷേപണം. ടെലിസ്‌കോപിന്റെ പൂര്‍ണരൂപത്തില്‍ വിടരുന്നതിന് മുമ്പ് 300 ലധികം പരാജയസാധ്യതകളുണ്ടെന്നാണ് വിവരം. ഇവയിലൊന്ന് പരാജയപ്പെട്ടാല്‍ ദൗത്യം ഉപേക്ഷിക്കേണ്ടിവരും. ഒരു തരത്തിലും തകരാര്‍ പരിഹരിക്കാന്‍ കഴിയില്ലെന്നതാണ് ഏറെ പ്രയാസകരം.

Top