സര്‍ക്കാരിന് സിഎജിയെ തിരുത്താന്‍ അവകാശമുണ്ടെന്ന് ജയിംസ് മാത്യു

തിരുവനന്തപുരം: സിഎജിയെ തിരുത്താന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്ന് ജയിംസ് മാത്യു എംഎല്‍എ. പ്രമേയം അസാധാരണമെന്ന് എതിര്‍പ്പുന്നയിച്ച് കൊണ്ട് കെസി ജോസഫ് പറഞ്ഞു. എന്‍ഐഎ പോലുള്ള ഏജന്‍സിയല്ല സിഎജിയെന്ന് ജയിംസ് മാത്യു വാദിച്ചു.

അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടി ഉണ്ടാകുമെന്ന് ജയിംസ് മാത്യു പറഞ്ഞു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ നാല് ജഡ്ജിമാര്‍ പരസ്യമായി രംഗത്ത് വന്നത് ഓര്‍മിപ്പിച്ച അദ്ദേഹം, സമാനമായ നടപടി ആണ് ധനമന്ത്രി ചെയ്തതെന്നും പറഞ്ഞു. ആര് തെറ്റ് ആര് ശരി എന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രമേയം അവതരിപ്പിക്കുന്നതിന് മുന്‍പ് നിയമസഭാ സമിതി അഡ്വക്കേറ്റ് ജനറലിന്റെയോ നിയമ വകുപ്പ് സെക്രട്ടറിയുടെയോ അഭിപ്രായം തേടിയിരുന്നോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് ചോദിച്ചു. ഇതിന് മറുപടി പറയാന്‍ എഴുന്നേറ്റ ധനമന്ത്രി തോമസ് ഐസക്, സംസ്ഥാന സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും അതല്ല തന്റെ ചോദ്യമെന്നായിരുന്നു കെസി ജോസഫിന്റെ മറുപടി.

സിഎജി റിപ്പോര്‍ട്ടിനെ എന്തിനാണ് സര്‍ക്കാര്‍ ഇത്രയും ഭയപ്പെടുന്നതെന്ന് എംകെ മുനീര്‍ ചോദിച്ചു. ആര്‍എസ്എസ് – സിപിഎം കൂട്ടുകെട്ടാണ് പ്രമേയത്തിന് പിന്നില്‍. രാജ്യത്ത് സിപിഎമ്മും ബിജെപിയും മാത്രം മതിയെന്നാണ് സിപിഎം നിലപാടെന്നും സിഎജി തന്നെ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും എംകെ മുനീര്‍ പറഞ്ഞു. സിഎജിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നുവെന്നും അതിന് യുഡിഎഫ് കൂട്ടുനില്‍ക്കുന്നുവെന്നും എ.എന്‍ ഷംസീര്‍ പറഞ്ഞു.

 

Top