ആർ.ആർ.ആർ രണ്ട് തവണ കണ്ട് ജെയിംസ് കാമറൂൺ; വിശ്വസിക്കാനാവാതെ രാജമൗലി

ഡൽഹി: ഗോൾഡൻ ഗ്ലോബിൽ തിളങ്ങിയ തെലുങ്ക് ചിത്രം ആർ.ആർ.ആർ, ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ രണ്ട് തവണ കണ്ടെന്ന് വെളിപ്പെടുത്തലുമായി എസ്.എസ്. രാജമൗലി.

28-ാമത് ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് പുരസ്കാര ചടങ്ങിനിടെ ജെയിംസ് കാമറൂണുമായി കണ്ടുമുട്ടിയ കാര്യം ട്വീറ്റ് ചെയ്തുകൊണ്ടാണ് രാജമൗലി ഇക്കാര്യം പങ്കുവെച്ചത്. ജെയിംസ് കാമറൂണുമായി സംസാരിക്കുന്ന ഫോട്ടോകളും അദ്ദേഹം പങ്കുവെച്ചു. ‘അവതാർ’ സംവിധായകൻ രണ്ട് തവണ ആർ.ആർ.ആർ കണ്ടുവെന്ന് വെളിപ്പെടുത്തുന്ന കുറിപ്പും അദ്ദേഹം ട്വീറ്റ് ചെയ്തു.

‘മഹാനായ ജെയിംസ് കാമറൂൺ ആർ.ആർ.ആർ കണ്ടു. അദ്ദേഹത്തിന് ചിത്രം വളരെയധികം ഇഷ്ടപ്പെട്ടു, തന്റെ ഭാര്യയോടൊപ്പം അദ്ദേഹം അത് വീണ്ടും കാണുകയും ചെയ്തു. സർ ഞങ്ങളുടെ സിനിമ വിശകലനം ചെയ്യാൻ ഞങ്ങളോടൊപ്പം പത്ത് മിനിറ്റ് ചെലവഴിച്ചുവെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ പറഞ്ഞതുപോലെ ഞാൻ ലോകത്തിന്റെ ഏറ്റവും മുകളിലാണ്, രണ്ടുപേർക്കും നന്ദി’ -രാജമൗലി ട്വീറ്റ് ചെയ്തു.

എസ്.എസ്. രാജമൗലിയുടെ ട്വീറ്റ് ആലിയ ഭട്ട് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ പോസ്റ്റ് പങ്കിട്ടു.

ടെയ്‌ലർ സ്വിഫ്റ്റിന്റെ കരോലിന ക്രോഡാഡ്‌സ്, ഗില്ലെർമോ ഡെൽ ടോറോയുടെ സിയാവോ പാപ്പാ, ലേഡി ഗാഗയുടെ ഹോൾഡ് മൈ ഹാൻഡ്, മാവെറിക്ക് റിഹാനയുടെ ലിഫ്റ്റ് മി അപ്പ് എന്നീ നാല് നോമിനേഷനുകളെ പിന്തള്ളിയാണ് ആർ.ആർ.ആറിലെ ‘നാട്ടു നാട്ടു’ ഗാനം ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയത്.

Top