ടെസ്റ്റ് ക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടവുമായി ജെയിംസ് ആൻഡേഴ്‌സൺ

ട്രെന്റ് ബ്രിഡ്ജ്: ടെസ്റ്റ് ക്രിക്കറ്റിൽ സമാനതകളില്ലാത്ത നേട്ടവുമായി ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച പേസ് ബൗളർ ജെയിംസ് ആൻഡേഴ്‌സൺ. ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളർ എന്ന റെക്കോഡാണ് ആൻഡേഴ്‌സൺ സ്വന്തം പേരിൽ കുറിച്ചത്.

ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് ആൻഡേഴ്‌സൺ ഈ റെക്കോഡ് സ്വന്തമാക്കിയത്. ന്യൂസീലൻഡിന്റെ രണ്ടാം ഇന്നിങ്‌സിൽ ഓപ്പണറും നായകനുമായ ടോം ലാഥത്തിന്റെ വിക്കറ്റെടുത്ത് ആൻഡേഴ്‌സൺ 650 ക്ലബ്ബിലിടം നേടി.

ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് നേടുന്ന മൂന്നാമത്തെ മാത്രം ബൗളറാണ് ആൻഡേഴ്‌സൺ. ഓസ്‌ട്രേലിയയുടെ ഷെയ്ൻ വോൺ, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ എന്നിവരാണ് ഈ നേട്ടം മുൻപ് സ്വന്തമാക്കിയവർ. ഇരുവരും സ്പിന്നർമാരാണ്. എന്നാൽ ഒരു ഫാസ്റ്റ് ബൗളർ ഈ നേട്ടം സ്വന്തമാക്കുമ്പോൾ അത്ഭുതം എന്ന് മാത്രമേ ക്രിക്കറ്റ് ലോകത്തിന് പറയാനുള്ളൂ. 39 കാരനായ ആൻഡേഴ്‌സൺ ഈ പ്രായത്തിലും ഇംഗ്ലണ്ടിന്റെ ബൗളിങ് കുന്തമുനയാണ്.

രണ്ടാം ടെസ്റ്റിന്റ ആദ്യ ഇന്നിങ്‌സിൽ ന്യൂസീലൻഡ് 553 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 539 റൺസ് സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടാണ് വിജയം നേടിയത്.

Top