ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഐക്യരാഷ്ട്രസമിതി അന്വേഷിക്കണമെന്ന് തുര്‍ക്കി

സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഐക്യരാഷ്ട്രസമിതി അന്വേഷിക്കണമെന്ന് തുര്‍ക്കി. ടര്‍ക്കിഷ് വിദേശകാര്യ മന്ത്രി മെവ്ലത് കവുസഗ്ലുവാണ് ഇക്കാര്യം അറിയിച്ചത്.

തുനീസിയന്‍ വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. തുര്‍ക്കിയുടെ പുതിയ നിലപാട് സൗദി അറേബ്യയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയ തെളിലുകള്‍ ഐക്യരാഷ്ട്രസമിതിക്ക് സൗദി കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സൗദികോണ്‍സുലേറ്റില്‍ വെച്ചാണ് ഖഷോഗി കൊല്ലപ്പെട്ടത്. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ചുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കാണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തിനിടെയാണ് ഖഷോഗി കൊല്ലപ്പെട്ടതെന്നായിരുന്നു സൗദിയുടെ വിശദീകരണം.

ഒക്ടോബര്‍ 21നാണ് ഖഷോഗി കൊല്ലപ്പെട്ടു എന്ന് സൗദി വിദേശകാര്യമന്ത്രാലയം ആദ്യമായി സ്ഥിരീകരിച്ചത്. പിന്നാലെ രണ്ടു മുതിര്‍ന്ന ഉദ്യോഗസ്ഥരെ പുറത്താക്കി. കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച 18 പേരെ അറസ്റ്റ് ചെയ്തു. എന്നിട്ടും മൃതദേഹം എവിടെയെന്നോ, ആരാണ് കൃത്യം നടത്തിയതെന്നോ വിശ്വസനീയമായ ഒരു വിശദീകരണവുമുണ്ടായിരുന്നില്ല.

Top