സൗദി മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം; 8 പ്രതികള്‍ക്ക് 20 വര്‍ഷം തടവ്

റിയാദ്: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ കേസില്‍ 8 പ്രതികള്‍ക്ക് ജയില്‍ശിക്ഷ വിധിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷന്‍. അഞ്ചുപേര്‍ക്ക് 20 വര്‍ഷവും ഒരാള്‍ക്ക് 10 വര്‍ഷവും രണ്ടുപേര്‍ക്ക് ഏഴ് വര്‍ഷവുമാണ് തടവ്.

2018 ഒക്ടോബര്‍ രണ്ടിനാണ് സൗദി ഭരണകൂടത്തെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി, തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടത്. മൃതദേഹം തുണ്ടം തുണ്ടമാക്കി നശിപ്പിച്ചു കളയുകയായിരുന്നു. പിതാവിന്റെ ഘാതകര്‍ക്ക് മാപ്പ് നല്‍കുന്നതായി മകന്‍ സലാഹ് ഖഷോഗി മുമ്പ് പറഞ്ഞിരുന്നു. ഇതോടെയാണ് പ്രതികളെ വധശിക്ഷയില്‍ കോടതി നിന്ന് ഒഴിവാക്കിയത്.

തുര്‍ക്കി സ്വദേശിനിയായ കാമുകി ഹാറ്റിസ് സെന്‍ജിസുമായുള്ള വിവാഹത്തിനുള്ള രേഖകള്‍ ശരിയാക്കാനായാണ് ഖഷോഗി ഇസ്തംബുളിലെ സൗദി കോണ്‍സുലേറ്റില്‍ എത്തിയത്. എന്നാല്‍, ഹാറ്റിസിന് കോണ്‍സുലേറ്റിനുള്ളിലേക്കു പ്രവേശനം നല്‍കിയില്ല. 11 മണിക്കൂര്‍ കാത്തിരുന്നിട്ടും ഖഷോഗിയെ കാണാതായതിനെ തുടര്‍ന്നു ഹാറ്റിസ് പരാതി നല്‍കിയതോടെയാണ് കൊലപാതകം വിവരം പുറത്തറിഞ്ഞത്.

സൗദിയിലെ ‘അല്‍ വതന്‍’ ദിനപത്രത്തിന്റെ മുന്‍ എഡിറ്ററായിരുന്നു ഖഷോഗി. രാജകുടുംബവുമായുള്ള എതിര്‍പ്പുകളെ തുടര്‍ന്നാണ് അമേരിക്കയിലേക്ക് ഖഷോഗി പ്രവര്‍ത്തനമേഖല മാറ്റുന്നത്. വാഷിംഗ്ടന്‍ പോസ്റ്റില്‍ കോളമിസ്റ്റായി പ്രവര്‍ത്തിക്കുന്ന സമയത്ത്, യെമന്‍ യുദ്ധം, രാജകുടുംബാംഗങ്ങളുടെ അറസ്റ്റ്, വിമര്‍ശകരെ അടിച്ചമര്‍ത്തുന്ന രീതി, ഖത്തര്‍ ഉപരോധം തുടങ്ങിയ വിഷയങ്ങളില്‍ സൗദി ഭരണകൂടത്തിനെതിരെ ഇദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

Top