അവസരവാദ രാഷ്ട്രീയ നിലപാടുമായി ജമാഅത്തെ ഇസ്ലാമി, ഉദ്യേശം വ്യക്തം . . .

മോദിയെ പുറത്താക്കാന്‍ വയനാട്ടില്‍ രാഹുല്‍ഗാന്ധിയേയും കേരളത്തില്‍ യു.ഡി.എഫിനെയും ജമാഅത്തെ ഇസ്ലാമി പിന്തുണക്കുമ്പോള്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ബംഗാളില്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നു. നിലപാടിലെ ഇരട്ടതാപ്പ് വിശദീകരിക്കാനാവാതെ വെട്ടിലായിരിക്കുകയാണിപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേരള നേതൃത്വം. പരമ്പരാഗതമായി ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന ജമാഅത്തെ ഇസ്ലാമി കേരള ഘടകം ഇത്തവണ സംഘപരിവാറിനെ പുറത്താക്കാന്‍ ശത്രുതയിലുള്ള മുസ്‌ലിം ലീഗ് ഉള്‍പ്പെട്ട യു.ഡി.എഫ് മുന്നണിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയെ മത്സരരംഗത്തു നിന്നും മാറ്റി നിര്‍ത്തിയാണ് യു.ഡി.എഫിന് പൂര്‍ണ പിന്തുണ പതിച്ചു നല്‍കിയിരിക്കുന്നത്. ഈ നടപടിക്കെതിരെ ആ സംഘടനക്കുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

സംഘപരിവാറിനെ താഴെയിറക്കാന്‍ നിലവില്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്നതിനാല്‍, പരസ്പരം മത്സരിച്ച് വോട്ട് ഭിന്നിപ്പിച്ച് പണവും സമയവും ഊര്‍ജ്ജവും നഷ്ടമാക്കുന്നത് ഒഴിവാക്കാനും ബി.ജെ.പിയുടെ ജയസാധ്യത ഇല്ലാതാക്കാനുമാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയെ പിന്തുണക്കുന്നതെന്നാണ് സംസ്ഥാന നേതാക്കളുടെ വാദം.

എന്നാല്‍ ഇതേ സാഹചര്യം കേരളത്തേക്കാള്‍ കൂടുതല്‍ ശക്തമായി നിലനില്‍ക്കുന്ന ദേശീയ സാഹചര്യത്തിലാണ് വെല്‍ഫെയര്‍പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനടക്കം കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ അവസരവാദ രാഷ്ട്രീയവും കേരളാ ‘അജണ്ട’യും തുറന്ന കാട്ടുന്നതാണ് ഈ നടപടി.

തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ പശ്ചിമബംഗാളില്‍ ആറു സീറ്റുകളിലും കേരളത്തില്‍ ഏഴ് സീറ്റുകളിലും മഹാരാഷ്ട്രയില്‍ മൂന്ന് സീറ്റുകളിലും തെലുങ്കാനയിലും ഗുജറാത്തിലും ഓരോ സീറ്റുകളിലും വെല്‍ഫെയര്‍ പാര്‍ട്ടിയെ മത്സരിപ്പിക്കാനാണ് ജമാഅത്തെ ഇസ്‌ലാമി ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീടാണ് കേരളഘടകം മത്സരത്തില്‍ നിന്നും പിന്‍മാറി കോണ്‍ഗ്രസിനെ പിന്തുണക്കാന്‍ തീരുമാനിച്ചത്. പഞ്ചിമബംഗാളിലെ ജംഗിപ്പൂര്‍ മണ്ഡലത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. എസ്.ക്യു.ആര്‍ ഇല്യാസ് മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജിക്കെതിരെയാണ് മത്സരിക്കുന്നത്.

മതേതര പാര്‍ട്ടികള്‍ കടുത്ത മത്സരം നേരിടുന്ന ബംഗാളില്‍ ആരെയാണ് വെല്‍ഫെയര്‍പാര്‍ട്ടിയുടെ മത്സരം സഹായിക്കുകയെന്ന ചോദ്യത്തിന് ഉത്തരമില്ലാത്ത അവസ്ഥയാണ് ജമാഅത്തെ ഇസ്‌ലാമിക്ക് . കടുത്ത മത്സരം നടക്കുന്ന ബീഹാറിലെ ബെഗുസാരായിയില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ കനയ്യ കുമാറിനെതിരെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രചരണം. ഇവിടെ കേന്ദ്രമന്ത്രി ഗിരിരാജ് സിങുമായും കോണ്‍ഗ്രസ്- ആര്‍.ജെ.ഡി മുന്നണിയിലെ തന്‍വീര്‍ ഹസനുമായുമാണ് കനയ്യകുമാര്‍ പോരാടുന്നത്.

കനയ്യകുമാര്‍ മത്സരിക്കുന്നത് തന്‍വീര്‍ ഹസന്റെ സാധ്യത ഇല്ലാതാക്കുമെന്നും അത് ഇടത് -ബ്രാഹ്മണിക്കല്‍ രാഷ്ട്രീയവുമാണെന്നാണ് ജമാഅത്തെ ഇസ്‌ലാമി പ്രചരിപ്പിക്കുന്നത്. ശുദ്ധ അസംബന്ധമായ കാര്യമാണിത്. പേരില്‍ മുസ്ലീം നാമമില്ലെങ്കിലും വര്‍ഗീയതക്കെതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന യുവനേതാവാണ് കനയ്യാകുമാര്‍.

ഭരണകൂട ഭീകരതയെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ട ഈ കമ്യൂണിസ്റ്റിനെ പോലും തിരിച്ചറിയാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് യാതാര്‍ത്ഥ്യം. പറയുന്ന വാക്കില്‍ സത്യസന്ധത ഉണ്ടായിരുന്നൂ എങ്കില്‍ അവര്‍ ആദ്യം പിന്തുണക്കേണ്ടിയിരുന്നത് കനയ്യ കുമാറിനെയായിരുന്നു. കാരണം കനയ്യ കുമാറിന്റെ സാന്നിധ്യമാണ് പാര്‍ലമെന്റില്‍ ബിജെപിയുടെ ഉറക്കം കെടുത്തുക.

അതേസമയം, കേരളത്തില്‍ കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും പിന്തുണക്കാനുള്ള ജമാഅത്തെ ഇസ്ലാമി തീരുമാനം രാഷ്ട്രീയ അടവ് തന്ത്രമാണെന്ന നിലപാടാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് അടക്കമുള്ളവര്‍ക്കുള്ളത്.
മുന്‍പ് ജമാഅത്തെ ഇസ്‌ലാമിയുടെയും പി.ഡി.പിയുടെയും വോട്ടുവേണ്ടെന്ന് പരസ്യനിലപാടെടുത്ത നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്.

എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ കോണ്‍ഗ്രസ് പിന്തുണയില്‍ നിലവില്‍ ആര്യാടന്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇത് രാഹുല്‍ ഗാന്ധിയെ പേടിച്ചിട്ടാണെന്നാണ് കോണ്‍ഗ്രസിലെ അണിയിറ സംസാരം.അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ നിലപാട് അവരുടെ യതാര്‍ത്ഥ താത്പര്യം തുറന്നുകാട്ടുന്നതാണെന്നാണ് ഇടതുപക്ഷത്തിന്റെ പ്രതികരണം. സ്വന്തം അണികളെ പോലും ബോധ്യപ്പെടുത്താന്‍ കഴിയാത്ത നിലപാടാണിതെന്നും ഇടത് കേന്ദ്രങ്ങള്‍ ചൂണ്ടികാട്ടുന്നു.

Top