പിണറായി സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രചാരകനാവരുത്; ജമാ അത്തെ ഇസ്ലാമി

കോഴിക്കോട്: മുഖ്യമന്ത്രി സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ പ്രചാരകനാവരുതെന്ന് ജമാ അത്തെ ഇസ്ലാമി. കേരളത്തിലെ മുസ്ലീം സമുദായത്തെ സിപിഎം ശത്രുപക്ഷത്ത് നിര്‍ത്തുകയാണെന്നും ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ.അബ്ദുള്‍ അസീസ് ആരോപിച്ചു.

ജമാ അത്തെ ഇസ്ലാമിയുടെ ഒരു പ്രവര്‍ത്തകനും ഇന്നോളം തീവ്രവാദ കേസുകളില്‍ പ്രതികളായിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സിപിഎം പലപ്പോഴും തേടിയിട്ടുണ്ട്. ചിലപ്പോഴെല്ലാം പിന്തുണ നല്‍കിയിട്ടുമുണ്ടെന്നും അബ്ദുള്‍ അസീസ് പറഞ്ഞു

യുഡിഎഫുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകളില്‍ താന്‍ ഭാഗമായിട്ടില്ലെന്നും എം.ഐ അബ്ദുള്‍ അസീസ് വ്യക്തമാക്കി. എം.എം.ഹസന്‍ തന്റെ വീട്ടിലെത്തിയത് സൗഹൃദ സന്ദര്‍ശനത്തിനായി മാത്രമാണ്. ജമാ അത്തെ ഇസ്ലാമി മത രാഷ്ട്ര വാദത്തെ മുന്നോട്ട് വയ്ക്കുന്നില്ല. ജമാ അത്തെ ഇസ്ലാമി യുഡിഎഫിന് പിന്തുണ നല്‍കിയിട്ടുമില്ല. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു സ്വതന്ത്ര സംഘടനയാണ് അവര്‍ക്ക് അവരുടേതായ തീരുമാനങ്ങളെടുക്കാമെന്നും അമീര്‍ പറഞ്ഞു.

Top