jallikattu protests in tamil nadu; stop protest o paneerselvam

ചെന്നൈ: ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു.

ജെല്ലിക്കെട്ട് നിരോധനം മറികടക്കാന്‍ ഓര്‍ഡിനന്‍സ് ഉടന്‍ പുറത്തിറക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം അറിയിച്ചു.

നടപടികളുമായി മുന്നോട്ടുപോകുന്നതിന് കേന്ദ്രം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഓര്‍ഡിനന്‍സ് ഇന്നോ നാളെയോ രാഷ്ട്രപതിക്കയയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ചെന്നൈ മറീന ബീച്ചില്‍ തുടരുന്ന പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിച്ചു പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ നിരോധനം നീക്കിയതിനുശേഷം മാത്രമേ സമരം പിന്‍വലിക്കാനാകൂവെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.

അതേസമയം, തമിഴ്‌നാട് സര്‍ക്കാരിന് ജെല്ലിക്കെട്ട് പരമ്പരാഗത കായിക ഇനമായി പ്രാബല്യത്തില്‍വരുത്താനുള്ള നിയമനിര്‍മാണം നടത്താനുള്ള അധികാരമുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോഹതഗി പറഞ്ഞിരുന്നു.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതായും ഒരു ദിവസം നിരാഹാരം ഇരിക്കാന്‍ ഉദ്ദേശിക്കുന്നതായും വ്യാഴാഴ്ച രാവിലെ ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്മാന്‍ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി വിധി മറികടന്ന് പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നതുള്‍പ്പെടെയുള്ള തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജെല്ലിക്കെട്ട് നിരോധിച്ച സുപ്രീംകോടതി ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് മോദി പനീര്‍ശെല്‍വത്തെയും സംഘത്തെയും അറിയിച്ചിരുന്നു.

സമരം ശക്തമാകുന്ന പശ്ചാത്തലത്തിലും വിഷയത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് മദ്രാസ് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.

പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ജെല്ലിക്കെട്ട് നിയമവിധേയമാക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടനയാണ് ജെല്ലിക്കെട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. പെറ്റയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.

Top