Jallikattu ban: Tamil film industry comes to a standstill; top stars express support for protesters

ചെന്നൈ : ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യവുമായി തമിഴ് താരസംഘടനയായ നടികര്‍ സംഘം രംഗത്ത്. പ്രശസ്ത താരങ്ങളായ അജിത് കുമാര്‍, സൂര്യ, തൃഷ, വിശാല്‍ തുടങ്ങി നിരവധി പേരാണ് തമിഴ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി മൗന ധര്‍ണ നടത്തുന്നത്. സംഗീത രാജാവ് എആര്‍ റഹ്മാനും നടന്‍ ധനൂഷും നിരാഹാരസമരവും ആരംഭിച്ചു.

കമല്‍ ഹാസന്‍, രജനീകാന്ത്, വിജയ്, തുടങ്ങിയവരും സമരത്തില്‍ പങ്കെടുക്കുമെന്നാണ് വിവരങ്ങള്‍. ജെല്ലിക്കെട്ടിന് അനുമതി നല്‍കി ഓര്‍ഡിനന്‍സ് പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടികര്‍ സംഘം സെക്രട്ടറി വിശാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്.

അതേസമയം, നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തമാകുകയാണ്. ചെന്നൈ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ ഉപരോധം നടത്തിയ ഡിഎംകെ നേതാക്കള്‍ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ട്രെയിന്‍ തടയല്‍ അടക്കമുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്.

കേരളത്തിലേക്കുള്ള ബസുകളും മറ്റു വാഹനങ്ങളും പ്രതിഷേധക്കാര്‍ അതിര്‍ത്തിപ്രദേശങ്ങളില്‍ തടയുന്നുണ്ട്. ഇന്നലെ പൊള്ളാച്ചിയില്‍ കേരളത്തിലേക്കുളള ബസുകള്‍ തടഞ്ഞിരുന്നു. പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാര്‍ ജീവനക്കാരും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ 24 മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പരീക്ഷകള്‍ മാറ്റിവച്ച് സ്‌കൂളുകളും കോളെജുകളും അവധി നല്‍കിയിരിക്കുകയാണ്.

Top